സെക്കൻഡ് ഹാൻഡ് കാറുകളിലെ ഓഡോമീറ്റർ തിരിമറി തടയാൻ കർശന നടപടിയുമായി ബഹ്റൈൻ പാർലമെന്റ്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ ഉപയോഗിച്ച കാറുകൾ വാങ്ങുന്ന ഉപഭോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി, വാർഷിക വാഹന പരിശോധന വേളയിൽ ഓഡോമീറ്റർ (മൈലേജ്) വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനം വഴി നിർബന്ധമായും രേഖപ്പെടുത്താനുള്ള നിർദ്ദേശത്തിന് രൂപം നൽകി. കാറുകളുടെ യഥാർത്ഥ ഓഡോമീറ്ററുകളിൽ കൃത്രിമം കാട്ടി കുറഞ്ഞ കിലോമീറ്റർ മാത്രം ഓടിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉയർന്ന വിലയ്ക്ക് വാഹനങ്ങൾ വിൽക്കുന്ന തട്ടിപ്പുകൾ തടയാനാണ് ഈ പുതിയ നീക്കം. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ എം.പിമാർ ഈ പ്രമേയം ചർച്ച ചെയ്യുകയും വോട്ടെടുപ്പിനായി പരിഗണിക്കുകയും ചെയ്യും.
എം.പി മുഹമ്മദ് അൽ അഹമ്മദ് സമർപ്പിച്ച നിർദ്ദേശത്തിൽ, വാഹനത്തിന്റെ മൈലേജ് വിവരങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രഫിക്കിന്റെ ഇലക്ട്രോണിക് റെക്കോർഡുകളുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഇത് വഴി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ മുൻകാല മൈലേജ് ചരിത്രം കൃത്യമായി പരിശോധിക്കാൻ കഴിയും. കൂടാതെ, വ്യാജ പ്രചാരണങ്ങൾക്കായും തട്ടിപ്പുകൾക്കായും ഓഡോമീറ്ററിൽ മാറ്റം വരുത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉറപ്പാക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
എം.പി ഡോ. ഹസൻ ബുഖമ്മാസ് അധ്യക്ഷനായ പാർലമെന്റിന്റെ ഫോറിൻ അഫയേഴ്സ്, ഡിഫൻസ് ആന്റ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ഈ നിർദ്ദേശത്തിന് ഏകകണ്ഠമായി അംഗീകാരം നൽകി. സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താനും ഉപഭോക്തൃ സംരക്ഷണം ശക്തമാക്കാനും ഈ നീക്കം സഹായിക്കുമെന്ന് സമിതി വ്യക്തമാക്കി. നിലവിൽ റോഡ് യോഗ്യതയ്ക്കും യാന്ത്രിക സുരക്ഷയ്ക്കുമാണ് വാർഷിക പരിശോധനയിൽ മുൻഗണന നൽകുന്നതെന്നും, എന്നാൽ ഈ നിർദ്ദേശം പ്രാവർത്തികമാക്കുന്നത് വാഹന വിപണിയിലെ വിശ്വാസ്യത വർദ്ധിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രാഥമികമായി നിരീക്ഷിച്ചു. #Bahrain #UsedCars
sdfsfd

