ഇറ്റാലിയൻ കമ്പനിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച് ലുലു ഗ്രൂപ്പിൽ നിന്ന് 1.64 കോടി രൂപ തട്ടിയെടുത്തു


ശാരിക

കൊച്ചി: ലുലു ഗ്രൂപ്പിനെതിരെ 1.64 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടന്നതായി പരാതി. ഇറ്റാലിയൻ കമ്പനിയുടെ പ്രതിനിധികളെന്ന് വ്യാജേന ആൾമാറാട്ടം നടത്തിയ തട്ടിപ്പുകാർക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദീർഘകാല ബിസിനസ് പങ്കാളിയായ ഇറ്റാലിയൻ സ്ഥാപനം 'ഐ.ഇ പാർക്ക് എസ്.ആർ.എൽ' (I.E Park S.R.L) എന്ന കമ്പനിയുടെ ഔദ്യോഗിക ഇമെയിലിന് സമാനമായ വ്യാജ വിലാസങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത് യഥാർത്ഥ ഇമെയിലാണെന്ന് തെറ്റിദ്ധരിച്ച് ലുലു ഗ്രൂപ്പ് തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ നൽകാനുണ്ടായിരുന്ന തുകയാണ് സംഘം കവർന്നത്.

ഈ വർഷം സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 29 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പങ്കാളിത്ത കമ്പനിയുടെ പേരിൽ സമാനമായ ഇമെയിൽ വിലാസങ്ങൾ ഉണ്ടാക്കി, കുടിശ്ശിക തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഇൻവോയ്സുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാർ അയച്ചു നൽകുകയായിരുന്നു. സന്ദേശങ്ങൾ വിശ്വസനീയമാണെന്ന് കരുതി ലുലു ഗ്രൂപ്പ് 1,50,500 യൂറോ (ഏകദേശം 1.64 കോടി രൂപ) അവർ നൽകിയ അക്കൗണ്ടുകളിലേക്ക് കൈമാറുകയായിരുന്നു.

പണം തട്ടിയതാണെന്ന് വ്യക്തമായതോടെ ലുലു ഗ്രൂപ്പ് ലീഗൽ മാനേജർ ദീപക് ശ്രീധർ നായർ കൊച്ചി സിറ്റി പൊലീസിന് പരാതി നൽകി. തുടർന്ന് വെള്ളിയാഴ്ച സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്.

വ്യാജ ഇലക്ട്രോണിക് ആശയവിനിമയങ്ങളും ആൾമാറാട്ടവും വഴി ലുലു ഗ്രൂപ്പിന് വൻ സാമ്പത്തിക നഷ്ടം വരുത്തി പണം തട്ടാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതികളെ നിലവിൽ തിരിച്ചറിഞ്ഞിട്ടില്ലെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

article-image

്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed