ഗവർണറുടെ വസതിയിൽ മാംസാഹാരത്തിന് പൂർണ വിലക്കെന്ന വാർത്ത തെറ്റ്: വിശദീകരണവുമായി ലോക്ഭവൻ
തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയിൽ മാംസാഹാരം പൂർണമായി വിലക്കിയെന്ന പ്രചാരണം തള്ളി ലോക്ഭവൻ രംഗത്തെത്തി. ഗവർണർ ഓം പ്രകാശ് മാഥൂറിന് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ് നിയന്ത്രണമെന്നും, ജീവനക്കാർക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ശുദ്ധ വെജിറ്റേറിയനായ ഗവർണർ ചുമതലയേറ്റതോടെയാണ് അദ്ദേഹത്തിന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാകം ചെയ്യേണ്ടതില്ലെന്ന് നിർദേശം നൽകിയത്.
ഗവർണർക്കും ചില പേഴ്സനൽ സ്റ്റാഫുകൾക്കും മാത്രമാണ് ഈ അടുക്കളയിൽനിന്ന് ഭക്ഷണം നൽകുന്നത്. മറ്റു ജീവനക്കാർ വീടുകളിൽനിന്ന് ഭക്ഷണം കൊണ്ടുവരികയോ പുറത്തുനിന്ന് കഴിക്കുകയോ ആണ് പതിവെന്നും, അവർക്ക് യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ലോക്ഭവൻ അറിയിച്ചു.
അതേസമയം, അടുക്കളയിൽ മാംസാഹാരം പാകം ചെയ്യരുതെന്ന നിർദേശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ സാമൂഹിക സാഹചര്യവും സമ്മിശ്ര ഭക്ഷണസംസ്‌കാരവും മനസ്സിലാക്കാതെ ഭക്ഷണരീതിയിൽ ഇടപെടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം വിമർശിച്ചു.
sfdfs

