യു.എസ് സൈനിക സഹായം നിലയ്ക്കും, സാമ്പത്തിക ഉപരോധം മറികടക്കാൻ ബ്ലോക്ക്ചെയിൻ ബദൽ: ബിന്യമിൻ നെതന്യാഹു
ശാരിക
തെൽഅവീവ്: പതിറ്റാണ്ടുകളായി ഇസ്രായേലിന് ലഭിച്ചുകൊണ്ടിരിക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ യു.എസ് സൈനിക സഹായം അവസാനിക്കാൻ പോകുകയാണെന്നും അതിനായി രാജ്യം സജ്ജമാകണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. അമേരിക്കൻ സഹായം നിലയ്ക്കുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇസ്രായേലിന് മേൽ വരാൻ സാധ്യതയുള്ള സാമ്പത്തിക-ബാങ്കിംഗ് ഉപരോധങ്ങൾ മറികടക്കാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ബദൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും രൂപീകരിക്കാൻ നിർദ്ദേശം നൽകിയതായും വെളിപ്പെടുത്തി.
പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, 'ചാനൽ 10' ചാനലിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന. ഗസ്സയിലെ വംശഹത്യയുടെയും വെസ്റ്റ് ബാങ്ക് അധിനിവേശത്തിന്റെയും പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റും ആഭ്യന്തര അഴിമതിക്കേസുകളും നേരിടുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അമേരിക്ക പാടേ മാറിപ്പോയെന്നും പ്രതിരോധ ബജറ്റിനായി മുൻപ് ലഭിച്ചിരുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ സഹായം ഇനി തുടരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും നെതന്യാഹു തുറന്നടിച്ചു. വാഷിംഗ്ടൺ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭാവി പ്രതിസന്ധികൾ മുൻകൂട്ടി കാണണം. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ആക്രമണങ്ങൾ കാരണം അമേരിക്കയിലെ യുവതലമുറയ്ക്കിടയിൽ ഇസ്രായേലിനെതിരെ ഉയർന്നുവന്ന പ്രതിഷേധമാണ് ഈ നിലപാട് മാറ്റത്തിന് പ്രധാന കാരണം.
ഇതിനൊപ്പം അന്താരാഷ്ട്ര ബാങ്കിംഗ് ഉപരോധങ്ങളെ മറികടക്കാൻ പരമ്പരാഗത ബാങ്കിംഗ് ചട്ടക്കൂടുകൾക്ക് പുറത്തുള്ള ധനകാര്യ സാങ്കേതികവിദ്യകൾ വികസിപ്പിക്കണം. അതിനായി ബ്ലോക്ക്ചെയിൻ പദ്ധതികൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായും നെതന്യാഹു സ്ഥിരീകരിച്ചു. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഉൽപ്പന്നങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇസ്രായേൽ സാമ്പത്തിക ഒറ്റപ്പെടൽ ഭയക്കുന്നത്.
asdfsf

