ഖത്തർ കെഎംസിസി മോഷണ കേസ്: റൊട്ടാന റസാഖിനെ മുസ്‌ലിം ലീഗിൽ നിന്നും കെഎംസിസിയിൽ നിന്നും പുറത്താക്കി
ശാരിക
കോഴിക്കോട്: ഖത്തർ കെഎംസിസിയിലെ മോഷണ കേസിൽ നടപടിയുമായി മുസ്‌ലിം ലീഗ്. ഖത്തർ കെഎംസിസി പേരാമ്പ്ര മണ്ഡലത്തിലെ റസാഖ് കുന്നുമ്മൽ എന്ന റൊട്ടാന റസാഖിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കെഎംസിസിയിൽ നിന്നും പുറത്താക്കി. കേസിലെ പ്രതിയായ ബാലകൃഷ്ണൻ, മോഷണത്തിൽ റസാഖിനും പങ്കുണ്ടെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ഉടനടി നടപടി സ്വീകരിച്ചത്.
2025 സെപ്റ്റംബർ 18-നാണ് ഖത്തറിലെ അൽ തുമാമയിലുള്ള കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷം 31 ലക്ഷം റിയാൽ കവർന്നത്. മോഷണ സംഭവത്തിന് പിന്നാലെ കണ്ണൂർ സ്വദേശി നൽകിയ പരാതിയെ തുടർന്ന് ബാലകൃഷ്ണൻ കൊയിലാണ്ടി പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് ബാലകൃഷ്ണൻ.
കേസിൽ നിലവിൽ ആറ് പ്രതികളാണുള്ളത്. ഇതിൽ നാലാം പ്രതിയാണ് ബാലകൃഷ്ണൻ. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾ നിലവിൽ ഒളിവിലാണ്. ഒളിവിലുള്ള പ്രതികളാണ് തനിക്ക് പാസ്‌പോർട്ടും വിസയും ശരിയാക്കി നൽകിയതെന്നും ബാലകൃഷ്ണൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
jggg

