നിയമലംഘകർ വർദ്ധിക്കുന്നു ; സൗദിയിൽ ഇതുവരെ പിടിയിലായത് ഏഴ് ലക്ഷം പേർ
റിയാദ് : സൗദിയിൽ നിയമലംഘകർ വർദ്ധിക്കുന്നു. ആദ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തുന്ന പരിശോധനയിൽ ഇതുവരെ 7 ലക്ഷത്തോളം പേർ പിടിയിലായി. ഇതിൽ ഒന്നര ലക്ഷത്തിലേറെപ്പേരെ നാടുകടത്തിയതായും മന്ത്രാലയത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ മൂന്നര മാസമായി നടത്തി വരുന്ന പരിശോധനയിലാണ് ഏഴ് ലക്ഷം പേർപിടിയിലായതെന്ന്് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ നാലര ലക്ഷത്തിലേറെ പേർ ഇഖാമ നിയമലംഘകരാണ്. ബാക്കി വരുന്ന രണ്ട് ലക്ഷത്തോളം പേർ തൊഴിൽ നിയമലംഘകരാണ്. അതിർത്തി സുരക്ഷാ നിയമലംഘനം നടത്തിയ 60,000ത്തോളം പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. ഒന്നര ലക്ഷത്തിലധികം പേരെ നാടുകടത്തിയപ്പോൾ ബാക്കി വരുന്ന രണ്ട് ലക്ഷം പേർ ടിക്കറ്റ് ബുക്കിങ്ങിനും എംബസി നടപടിക്കും കാത്തിരിക്കുകയാണ്.
ഒന്നേകാൽ ലക്ഷം പേർക്ക് നിയമലംഘനത്തിനുള്ള ശിക്ഷ നൽകിയതായും അധികൃതർ വ്യക്തമാക്കി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് അഭയം നൽകിയതിന്റെ പേരിൽ 1300 പേരും പിടിയിലായിട്ടുണ്ട്. ഇതിൽ 198 പേർ സ്വദേശികളാണ്. സ്വദേശികളിൽ 180 പേർക്കുള്ള നടപടി പൂർത്തിയാക്കി വിട്ടയച്ചപ്പോൾ 18 പേരുടെ നടപടി തുടരുന്നുണ്ട്.

