ആശ്രി­ത വി­സയിൽ ജോ­ലി­ ചെ­യ്യു­ന്നവർ­ക്ക് സൗ­ദി­യിൽ പു­തി­യ ലെ­വി­


റിയാദ് : സൗദി അറേബ്യയിൽ ആശ്രിത വിസയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് പുതിയ ലെവി ഏർപ്പെടുത്തി.  അജീർ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന വിദേശികൾക്കാണ്  പുതിയ ലെവി ബാധകമാക്കിയത്. ആശ്രിത ലെവിക്കു പുറമെ ഇവർ വർഷം 9,500 റിയാൽ (ഏകദേശം 1,61,533 രൂപ) അടയ്ക്കണമെന്ന് ധനമന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഓരോ വർഷവും അജീർ പുതുക്കുന്നതിന് ലെവി അടയ്ക്കണം സൗദിയിൽ കുടുംബ വിസയിൽ കഴിയുന്നവർക്ക് മാസത്തിൽ നൽകേണ്ട ലെവിക്ക് പുറമെയാണിത്. 

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ലെവി ബാധകമാണ്. സൗദിയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിലെ വനിതാ ജീവനക്കാരിലേറെയും ആശ്രിത വിസയിലുള്ളവരാണ്. ആശ്രിത വിസയിലുള്ളവർക്ക് ജോലി ചെയ്യാൻ നേരത്തേ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖത്ത് പ്രാബല്യത്തിൽ വന്നതിന് ശേഷം പാർട്ട് ടൈം ജോലിക്ക് അനുമതി നൽകുന്ന അജീർ പദ്ധതി പ്രകാരം ആശ്രിത വിസയിലുള്ളവർക്ക് സ്കൂളുകളിൽ ജോലിചെയ്യാൻ അനുമതി നൽകി. 

എന്നാൽ അജീർ പുതുക്കുന്നതിന് ഇനി മുതൽ 9,500 റിയാൽ നികുതി അടയ്ക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. അതേസമയം സ്കൂളിന്‍റെ സ്പോൺസർഷിപ്പിൽ നേരിട്ടെത്തിയ അധ്യാപകർക്ക് ലെവി ബാധകമല്ല. സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ആശ്രിത വീസയിലുള്ളവരാണ്. ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകരിൽ പകുതിയിലേറെയും മലയാളികളും. അതുകൊണ്ടുതന്നെ പുതിയ ഉത്തരവ് മലയാളികളെയായിരിക്കും കൂടുതൽ ബാധിക്കുക.  

സൗദിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളുകളിൽ 40 മുതൽ 50 വരെ ശതമാനം മലയാളി വിദ്യാർത്ഥികളും ജീവനക്കാരുമാണുള്ളത്. ആശ്രിത ലെവി പ്രാബല്യത്തിൽ വന്നതോടെ ഈ അധ്യായന വർഷം 10 ശതമാനം വിദ്യാർത്ഥികൾ കൊഴിഞ്ഞുപോയി. ഈ വർഷം മെയ് മുതൽ ആശ്രിത വിസയിലുള്ളവർ വർഷം 2400 റിയാൽ (40,808 രൂപ) വീതമാണ് ലെവി അടയ്ക്കേണ്ടത്. അതുകൊണ്ടുതന്നെ അധ്യയന വർഷം അവസാനിക്കുന്നതോടെ കൂടുതൽ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. 

അതിനിടെ ആശ്രിതവിസയിലുള്ള അധ്യാപകർക്കു കൂടി ലെവി ഏർപ്പെടുത്തുന്നത് അധിക ബാധ്യതയാകും. പുതിയ പ്രതിസന്ധി തരണം ചെയ്യുന്നത് ചർച്ച ചെയ്യാൻ ഇന്ത്യൻ സ്കൂളുകൾ ഉന്നതാധികാര സമിതിയായ ഹയർ ബോർഡ് യോഗം വിളിച്ചിട്ടുണ്ട്. അധ്യാപകരുടെ കൊഴിഞ്ഞുപോക്കിന് സാധ്യതയുള്ളതിനാൽ ഫീസ് കൂട്ടി പ്രതിസന്ധി മറികടക്കാനാണ് സ്കൂളുകളുടെ നീക്കമെന്നാണ് സൂചന.

You might also like

  • NEC

Most Viewed