ശബരിമലയിൽ 55.75 പവന്റെ സ്വർണക്കിരീടം കാണാതായതായി റിപ്പോർട്ട്; വാർത്തകൾ തള്ളി തിരുവാഭരണം കമ്മീഷണർ


ഷീബ വിജയൻ

ശബരിമല: ശബരിമലയിലെ സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിശോധനകൾ പുരോഗമിക്കുന്നതിനിടെ, ക്ഷേത്രത്തിലെ 55.75 പവന്റെ സ്വർണക്കിരീടം കാണാതായതായി റിപ്പോർട്ടുകൾ. സ്‌ട്രോങ് റൂമിൽ നടത്തിയ കണക്കെടുപ്പിലാണ് കിരീടം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. 2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഭക്തൻ കാണിക്കയായി സമർപ്പിച്ചതാണ് ഈ സ്വർണക്കിരീടം. യഥാർത്ഥ കിരീടത്തിന് പകരം സമാനമായ ഡ്യൂപ്ലിക്കറ്റ് കിരീടം മാറ്റിവെച്ചതായാണ് പുറത്തുവരുന്ന പ്രാഥമിക സൂചനകൾ.

എന്നാൽ, സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മീഷണർ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. യഥാർത്ഥ കിരീടവും അതിനോട് സമാനമായ മറ്റൊരു മാതൃകയും സൂക്ഷിച്ചിട്ടുണ്ടെന്നും മൂല്യമുള്ള വസ്തുക്കൾക്ക് ഇത്തരത്തിൽ മാതൃകകൾ നിർമ്മിക്കാറുണ്ടെന്നും അദ്ദേഹം ദേവസ്വം കമ്മീഷണർക്ക് വിശദീകരണം നൽകി.

വാർത്തകളിലൂടെ മാത്രമാണ് ഈ വിവരമറിഞ്ഞതെന്നും സംഭവം സത്യമാണെങ്കിൽ അത് അതീവ ഗുരുതരമായ വിഷയമാണെന്നും തിരുവാഭരണം കമ്മീഷണറുടെ വിശദീകരണം കേട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. ശബരിമലയിലെ സ്‌ട്രോങ് റൂമിൽ ഇല്ലെങ്കിൽ ഈ കിരീടം ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ ഉണ്ടാകേണ്ടതാണെന്നും അവിടുത്തെ പരിശോധനയിലും കണ്ടെത്തിയില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിസ്റ്റത്തിലെ തകരാറുകളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പറഞ്ഞു.

ഹൈക്കോടതി നിർദേശപ്രകാരം ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിൽ കണക്കെടുപ്പ് പുരോഗമിക്കവേയാണ് പുതിയ വിവാദം ഉടലെടുത്തത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്താണ് കാണാതായതായി പറയപ്പെടുന്ന ഈ കിരീടം സൂക്ഷിച്ചിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.

#4PMNews #Sabarimala #GoldCrownControversy #TravancoreDevaswomBoard

article-image

sssads

You might also like

  • Lulu Exchange
  • Straight Forward

Most Viewed