ദേശീയ ഐക്യവും സുരക്ഷയും അലംഘനീയം: ബി.ഡി.എഫ് സൈന്യത്തെയും പ്രധാനമന്ത്രിയെയും പ്രശംസിച്ച് ഹമദ് രാജാവ്
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന്റെ ദേശീയ ഐക്യവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നത് ഏത് വീക്ഷണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് മുന്നോട്ട് പോകേണ്ട അടിസ്ഥാന തത്വമാണെന്ന് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് പ്രസ്താവിച്ചു. ബഹ്‌റൈൻ സമൂഹത്തിന്റെ കെട്ടുറപ്പ് ശക്തിപ്പെടുത്താനും വികസന പ്രക്രിയകൾ തുടരാനും ഭാവി തലമുറയ്ക്കായി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുമാണ് എല്ലാവരും പ്രവൃത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ സാഖിർ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു രാജാവ്.
രാജ്യത്തിന്റെ വികസന പ്രക്രിയകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ നടത്തുന്ന സമർപ്പിത ശ്രമങ്ങളെ രാജാവ് പ്രത്യേകം പ്രശംസിച്ചു. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിനെതിരെയുള്ള ശത്രുതാപരമായ ഇറാനിയൻ ആക്രമണങ്ങളെ ചെറുക്കുന്നതിൽ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) കാണിച്ച വീര്യത്തെയും ഉയർന്ന സജ്ജീകരണത്തെയും രാജാവ് അഭിനന്ദിച്ചു. ബി.ഡി.എഫ്, നാഷണൽ ഗാർഡ്, ആഭ്യന്തര മന്ത്രാലയം എന്നിവരുടെ ജാഗ്രതയെ സ്മരിച്ച അദ്ദേഹം, രാജ്യത്തിന്റെ പരമാധികാരവും വികസന നേട്ടങ്ങളും സംരക്ഷിക്കാൻ സൈന്യം എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വ്യക്തമാക്കി.
സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയുടെ വികസന നേട്ടങ്ങളെയും അന്താരാഷ്ട്ര തലത്തിലുള്ള നിലപാടിനെയും ഹമദ് രാജാവ് പ്രശംസിച്ചു. സൗദി അറേബ്യയുടെ സുരക്ഷ ബഹ്‌റൈന്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സൗദിക്ക് ബഹ്‌റൈന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഹൂതി മിലിഷ്യകൾ സൗദിക്കെതിരെ നടത്തുന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച രാജാവ്, സൗദിയുടെ പരമാധികാരം സംരക്ഷിക്കാൻ എടുക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.
തന്റെ സമീപകാല ഗ്രീസ് സന്ദർശനം തികച്ചും വിജയകരമായിരുന്നുവെന്നും ഗ്രീസ് പ്രസിഡന്റ് കോൺസ്റ്റന്റൈൻ ടസൗലാസ്, പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് എന്നിവരുമായി നടത്തിയ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നടപ്പിലാക്കിവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും രാജാവും കിരീടാവകാശിയും കൂടികാഴ്ച്ചയിൽ വിലയിരുത്തി.
dfsdfsdfsdfs

