കുട്ടികൾക്ക് അപകടകരമായ സമ്മാനങ്ങൾ നൽകരുത്: മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ബഹ്റൈൻ പോലീസ്


പ്രദീപ് പുറവങ്കര

മനാമ: കുട്ടികൾക്ക് പരിക്കോ മറ്റ് അപകടങ്ങളോ ഉണ്ടാക്കാൻ സാധ്യതയുള്ള സമ്മാനങ്ങൾ വാങ്ങി നൽകുന്നതിൽ നിന്ന് മാതാപിതാക്കൾ പിന്തിരിയണമെന്ന് ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഉസാമ ബഹാർ മുന്നറിയിപ്പ് നൽകി. ട്രെൻഡുകൾ മാത്രം നോക്കി സമ്മാനങ്ങൾ തിരഞ്ഞെടുക്കുന്നതിന് പകരം, കുട്ടികളുടെ ആത്മാഭിമാനം വളർത്തുന്നതും പ്രതിഫലത്തിന്റെയും ഉദാരതയുടെയും മൂല്യങ്ങൾ പഠിപ്പിക്കുന്നതുമായ സമ്മാനങ്ങൾ വേണം നൽകാനെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമാൻ' സോഷ്യൽ മീഡിയ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളിൽ സ്നേഹവും സുരക്ഷിതത്വബോധവും വളർത്താൻ സമ്മാനങ്ങൾ സഹായിക്കുമെന്നും, മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ കുട്ടികളിൽ വലിയ അഭിമാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനോ നല്ല പെരുമാറ്റത്തിനോ ഉള്ള പ്രതിഫലമായി സമ്മാനങ്ങൾ നൽകുന്നത് ഉചിതമാണ്. എന്നാൽ ഇത്തരം സമ്മാനങ്ങൾക്ക് വ്യക്തമായ നിബന്ധനകൾ ഉണ്ടാകണം.

ഐപാഡോ പ്ലേസ്റ്റേഷനോ വാങ്ങി നൽകുകയാണെങ്കിൽ, ഉപയോഗ സമയത്തിനും കളിക്കുന്ന ഗെയിമുകൾക്കും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അക്രമസ്വഭാവമുള്ളതോ തെറ്റായ സന്ദേശം നൽകുന്നതോ ആയ ഗെയിമുകൾ ഒഴിവാക്കണം. കുട്ടികളെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്നതോ, അക്രമസ്വഭാവം വളർത്തുന്നതോ ആയ ഒരു സമ്മാനവും നൽകരുത്.

ഇ-സ്‌കൂട്ടറുകൾ സമ്മാനമായി നൽകുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം വാഹനങ്ങൾ നൽകുമ്പോൾ വേഗത പരിമിതപ്പെടുത്താനും, നിശ്ചിത സ്ഥലങ്ങളിൽ മാത്രം ഓടിക്കാനും, ഹെൽമറ്റ് അടക്കമുള്ള സുരക്ഷാ ഗിയറുകൾ ധരിക്കാനും മാതാപിതാക്കൾ നിർദ്ദേശിക്കണം.

16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ-ബൈക്കുകൾ ഓടിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും, 7 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രമേ ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കാവൂ എന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ലൈസൻസില്ലാത്ത ഒരാൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിന് തുല്യമായിട്ടായിരിക്കും മേൽനോട്ടമില്ലാതെ കുട്ടികൾക്ക് ഇ-വാഹനങ്ങൾ നൽകുന്നതിനെ അധികൃതർ കാണുന്നത്. അപകടങ്ങൾ ഉണ്ടായാൽ അതിന്റെ പൂർണ്ണ നിയമപരമായ ഉത്തരവാദിത്തം മാതാപിതാക്കൾക്കായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

article-image

sadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed