തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ഭിന്നത, 13.8 കോടി വോട്ടർമാർ പുറത്ത്; കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
ശാരിക
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ കടുത്ത ആഭ്യന്തര ഭിന്നതകളും വോട്ടർപട്ടിക തിരുത്തലുമായി ബന്ധപ്പെട്ട വിവാദങ്ങളും ദേശീയതലത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തുന്നു. തീവ്ര വോട്ടർപട്ടിക പരിഷ്കരണ (SIR) നടപടികളുടെ ഭാഗമായി 13.8 കോടിയോളം പേർ പട്ടികയിൽ നിന്ന് പുറത്തായതിനെ ചൊല്ലിയും, തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളുന്നതിനെ ചൊല്ലിയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാന്വേഷ് കുമാറും മറ്റ് രണ്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ 10 മാസത്തിനിടെ തങ്ങളറിയാതെ എടുത്ത തീരുമാനങ്ങളിലും പുറപ്പെടുവിച്ച ഉത്തരവുകളിലും പ്രതിഷേധിച്ച് ഇരു കമ്മീഷണർമാരും കുറഞ്ഞത് 14 തവണയെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് രേഖാമൂലം വിരോധവും പരാതിയും അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വോട്ടർപട്ടികയുടെ ഡിജിറ്റൽ നിയന്ത്രണം കേന്ദ്രീകൃതമാക്കുന്നതിലും, പുതിയ വോട്ടർമാർക്കുള്ള 'ഫോം 6'-ൽ വരുത്തിയ മാറ്റങ്ങളിലും കമ്മീഷണർമാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെ (ERO) അധികാരം വെട്ടിക്കുറച്ചതും ഐടി വിഭാഗത്തിന്റെ മേൽനോട്ട ചുമതലകളിൽ മാറ്റങ്ങൾ വരുത്തിയതും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇരുവരും ക്യാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേക കത്തയക്കുകയും ചെയ്തു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ, ആരോപണങ്ങൾ ഒറ്റവാക്കിൽ തള്ളിക്കളയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായിട്ടില്ല. ഏതൊരു ഭരണഘടനാ സ്ഥാപനത്തിലും അഭിപ്രായവ്യത്യാസങ്ങൾ സാധാരണമാണെന്നും അന്തിമതീരുമാനത്തിന് മുമ്പുള്ള സ്വാഭാവിക പ്രക്രിയയുടെ ഭാഗമാണിതെന്നും കമ്മീഷന്റെ മാധ്യമവിഭാഗം വിശദീകരിച്ചു. അതേസമയം അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നത് ആ രോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്തതിനാലാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷി നേതാക്കളും ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം ആക്രമിക്കുന്നതെന്ന് ബിജെപി വക്താവ് സംബീത് പത്ര ആരോപിച്ചു.
പ്രശ്നം ഗുരുതരമായതിനെ തുടർന്ന് കേന്ദ്ര സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഗ്യാന്വേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ, സിപിഎം പോളിറ്റ് ബ്യൂറോ തുടങ്ങിയവർ ആവശ്യപ്പെട്ടു. ഗ്യാന്വേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 73 പ്രതിപക്ഷ രാജ്യസഭാ എംപിമാർ നൽകിയ പ്രമേയ നോട്ടീസിൽ രാജ്യസഭാ അധ്യക്ഷൻ ഉടനടി തീരുമാനമെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പഴയ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ പശ്ചിമ ബംഗാളിലും ബിജെപി വിജയിച്ച മറ്റ് സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ മമത ബാനർജി ആവശ്യപ്പെട്ടു. 'ഇന്ത്യ' മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളെ ഏകോപിപ്പിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെ ശുദ്ധീകരിക്കുക ("ഠീക് കരോ") എന്ന ഹാഷ്‌ടാഗോടെ സോഷ്യൽ മീഡിയയിൽ കോക്രോച്ച് ജനത പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധ ക്യാമ്പയിൻ ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും നിയമിക്കുന്ന 2023 ലെ കേന്ദ്ര നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധി രേഖപ്പെടുത്തി. പ്രധാനമന്ത്രി, കേന്ദ്ര കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിക്ക് നിയമന അധികാരം നൽകുന്ന നിയമം സർക്കാരിന് വ്യക്തമായ മുൻതൂക്കം നൽകുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമന സമിതി രൂപീകരിച്ചതിനെ ഭിന്നവിധിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പരിശോധനയ്ക്കായി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരിഗണനയ്ക്ക് വിട്ടു. ഇതിൽ വിശാല ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനമെടുക്കും.
adsdsadsads

