ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ
ശാരിക
ചെന്നൈ: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി. കമാലിനിക്ക് 75 ലക്ഷം രൂപ ഉപഹാരമായി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആണ് തുക പ്രഖ്യാപിച്ചത്.
ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യ സ്വർണ്ണം നിലനിർത്തിയത്. ജപ്പാൻ, ബംഗ്ലാദേശ് എന്നിവർക്കെതിരായ മത്സരങ്ങളിൽ മധുര സ്വദേശിയായ കമാലിനി ഇന്ത്യക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.
ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ലെഗ് സ്പിന്നറുമായ കമാലിനി 2024-ലെ അണ്ടർ-19 ടി20 ട്രോഫിയിൽ 311 റൺസ് അടിച്ച് ശ്രദ്ധേയയായിരുന്നു. തുടർന്ന് അണ്ടർ-19 ഏഷ്യ കപ്പ്, അണ്ടർ-19 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമുകളിലും അംഗമായി. വനിതാ പ്രീമിയർ ലീഗിൽ (WPL) 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ കമാലിനി ലീഗിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ്.
ചരിത്രനേട്ടം കൈവരിച്ച കമാലിനിയുടെ വിജയം സംസ്ഥാനത്തെ സ്ത്രീകൾക്കും യുവാക്കൾക്കും വലിയ പ്രചോദനമാണെന്ന് മുഖ്യമന്ത്രി വിജയ് എക്‌സിൽ കുറിച്ചു. സർക്കാരിന്റെ ഈ വലിയ പ്രഖ്യാപനത്തിന് മുഖ്യമന്ത്രി വിജയിനും തമിഴ്‌നാട് സർക്കാറിനും നന്ദി അറിയിച്ചുകൊണ്ട് കമാലിനി വീഡിയോ സന്ദേശം പങ്കുവെച്ചു.
sdfdsf

