സ്വകാര്യത കാക്കാൻ 'എക്സ് നമ്പറുകൾ': പുതിയ ഫീച്ചറുമായി ഇലോൺ മസ്‌ക്
ശാരിക
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി 'എക്സ് നമ്പറുകൾ' (X Numbers) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് എക്സ് (X) പ്ലാറ്റ്‌ഫോം. വ്യക്തിഗത ഫോൺ നമ്പർ നൽകാതെ തന്നെ എക്സ് ചാറ്റ് വഴി സന്ദേശങ്ങൾ അയക്കാനും ഓഡിയോ, വീഡിയോ കോളുകൾ ചെയ്യാനും സഹായിക്കുന്നതാണ് ഈ സംവിധാനം.
പേരിൽ നമ്പർ എന്നുണ്ടെങ്കിലും ഇതൊരു യഥാർത്ഥ ഫോൺ നമ്പറല്ല, മറിച്ച് ഉപയോക്താക്കൾക്ക് നിർമ്മിക്കാൻ കഴിയുന്ന പ്രൈവറ്റ് ആക്‌സസ് കോഡാണ്. പരസ്പരം ഫോളോ ചെയ്യാത്ത അക്കൗണ്ടുകൾക്കും, മെസ്സേജ് ഇൻബോക്സ് പൂട്ടിയിട്ടിരിക്കുന്നവർക്കും ഈ കോഡ് ഉപയോഗിച്ച് ബന്ധപ്പെടാം. എക്സ് നമ്പർ വഴി വരുന്ന സന്ദേശങ്ങൾ മെസ്സേജ് റിക്വസ്റ്റുകളായി മാറാതെ നേരിട്ട് ഇൻബോക്സിലേക്ക് എത്തും. ഈ കോഡ് എപ്പോൾ വേണമെങ്കിലും മാറ്റാനോ ഓഫാക്കാനോ സാധിക്കും. പഴയ കോഡ് മാറ്റിയാൽ മുൻപ് ബന്ധപ്പെട്ടവർക്ക് പിന്നീട് മെസ്സേജ് അയക്കാൻ കഴിയില്ല. കൂടാതെ, സെറ്റിങ്സിലെ Hide from others ഓപ്ഷൻ വഴി നിങ്ങളുടെ എക്സ് നമ്പർ മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കാനും സാധിക്കും.
എക്സ് നമ്പർ സെറ്റ് ചെയ്യുന്നതിനായി ആദ്യം എക്സ് ആപ്പിലെ ചാറ്റ് (Direct Messages) ഓപ്പൺ ചെയ്യുക. ആവശ്യപ്പെടുകയാണെങ്കിൽ ചാറ്റ് പിൻ എൻ്റർ ചെയ്ത ശേഷം ഇൻബോക്സ് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് Number എന്നത് തിരഞ്ഞെടുക്കുക. ഇവിടെ നിന്ന് കോഡ് എനേബിൾ ചെയ്യാനും ആവശ്യമുള്ളവർക്ക് പങ്കുവെക്കാനും സാധിക്കും.
എക്സിനെ ഒരു 'എവരിതിങ് ആപ്പ്' (Everything App) ആക്കി മാറ്റാനുള്ള ഇലോൺ മാസ്‌കിന്റെ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ മാറ്റം. വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾക്ക് കടുത്ത വെല്ലുവിളിയാകും പുതിയ ഫീച്ചറെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ssdfs

