ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
ശാരിക
ബൊഗോട്ട: കൊളംബിയൻ ഫുട്ബോൾ ഇതിഹാസം ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 15 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് മുപ്പത്തഞ്ചുകാരനായ റോഡ്രിഗസ് കൊളംബിയയുടെ ദേശീയ കുപ്പായം അഴിച്ചുവെക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.
2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിലാണ് റോഡ്രിഗസ് കൊളംബിയക്കായി അവസാനമായി കളത്തിലിറങ്ങിയത്. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കും സന്തോഷങ്ങൾക്കും ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായത്തിന് തിരശ്ശീല വീഴുകയാണെന്ന് റോഡ്രിഗസ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
2011 ഒക്ടോബറിൽ ബൊളീവിയക്കെതിരെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച റോഡ്രിഗസ്, ഡേവിഡ് ഓസ്പിനയെ മറികടന്ന് കൊളംബിയക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (131) കളിച്ച താരമെന്ന റെക്കോർഡും സ്വന്തമാക്കി. 131 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 43 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. 2024 കോപ്പ അമേരിക്കയിൽ നായകനായി ടീമിനെ ഫൈനലിലെത്തിക്കാനും ഹാമിഷിന് കഴിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയെങ്കിലും ക്ലബ് ഫുട്ബോളിൽ അദ്ദേഹം കളി തുടരും.
dfsdfsdsfds

