ലോക കേരളസഭ പിരിച്ചുവിടാൻ മന്ത്രിസഭാ യോഗം തീരുമാനം; ഇതിന്റെ പേരിൽ നടന്നത് ധൂർത്തെന്ന് വിമർശനം
ഷീബ വിജയൻ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനായി ആരംഭിച്ച ലോക കേരളസഭ പിരിച്ചുവിടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോക കേരളസഭയ്ക്ക് പകരം പ്രവാസികൾക്ക് തങ്ങളുടെ വിഷയങ്ങൾ കൂടുതൽ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ സാധിക്കുന്ന ബദൽ സംവിധാനം സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
ആദ്യ ലോക കേരളസഭ എടുത്ത തീരുമാനങ്ങൾ തന്നെയാണ് രണ്ടും മൂന്നും സഭകളിലും ഉയർന്നുവന്നതെന്നും എന്നാൽ എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ ധൂർത്താണ് ഇതിന്റെ മറവിൽ നടന്നത്. സാധാരണക്കാരായ പ്രവാസികളെ ഒഴിവാക്കി സമ്പന്നരെയും ബിസിനസുകാരെയും മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയത് എന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു.
പ്രവാസികളുടെ പണമയയ്ക്കൽ സമ്പദ്‌വ്യവസ്ഥയെ ഘടനാപരമായ നിക്ഷേപ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്കും സർക്കാർ രൂപം നൽകും. ഇതിനായി മുഖ്യമന്ത്രി ചെയർമാനും മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, മോൻസ് ജോസഫ് എന്നിവർ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു.
2018-ലാണ് ഒന്നാം പിണറായി സർക്കാർ ലോക കേരളസഭയ്ക്ക് തുടക്കമിട്ടത്. തുടർന്ന് 2020, 2022, 2024, 2026 വർഷങ്ങളിലും സഭ സമ്മേളിച്ചിരുന്നു. എന്നാൽ ധൂർത്ത് ആരോപിച്ച അന്നത്തെ പ്രതിപക്ഷമായ യു.ഡി.എഫ് പരിപാടി ബഹിഷ്കരിക്കുകയും അധികാരത്തിൽ വന്നാൽ സംവിധാനം തുടരില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ലോക കേരളസഭയ്ക്കായി രണ്ട് കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയത് പുതിയ സർക്കാറും സഭ തുടരുമെന്ന രീതിയിൽ വാർത്തകൾക്ക് വഴിവെച്ചിരുന്നെങ്കിലും, ആ വാർത്തകൾ തള്ളിയ മുഖ്യമന്ത്രിക്ക് പിന്നാലെയാണ് ഇപ്പോൾ ഔദ്യോഗികമായി ലോക കേരളസഭ പിരിച്ചുവിട്ടത്.
dsdsds

