തടവറയിൽ തങ്ങാൻ ലക്ഷങ്ങൾ; ജപ്പാനിൽ വൻ ഹിറ്റായി 118 വർഷം പഴക്കമുള്ള 'നാര ജയിൽ' ഹോട്ടൽ
ശാരിക
ടോക്കിയോ: ഒരു കാലത്ത് കുറ്റവാളികൾ കഴിച്ചുകൂട്ടിയ ഇരുട്ടുമുറികളും ചുവന്ന ഇഷ്ടികച്ചുവരുകളും ഇനി സഞ്ചാരികൾക്ക് ആഡംബരത്തിന്റെ വേറിട്ട അനുഭവം സമ്മാനിക്കും. ജപ്പാനിലെ 118 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ 'നാര' ജയിലാണ് കോടികൾ ചെലവിട്ട് അത്യാധുനിക പഞ്ചനക്ഷത്ര റിസോർട്ടായി പുനരവതരിപ്പിച്ചിരിക്കുന്നത്. പൗരാണിക തടവറയുടെ ഘടനയ്ക്ക് യാതൊരു കോട്ടവും വരുത്താതെ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഈ അപൂർവ്വ കേന്ദ്രത്തിലേക്ക് ലോകമെമ്പാടുമുള്ള യാത്രികരുടെ പ്രവാഹമാണ്. ജപ്പാന്റെ സാംസ്കാരിക പൈതൃക പട്ടികയിലുള്ള ഈ പുരാതന നിർമിതിയുടെ സംരക്ഷണവും വിനോദസഞ്ചാര വികസനവും ലക്ഷ്യമിട്ടാണ് പൈതൃക കെട്ടിടത്തെ ഹോട്ടലാക്കി മാറ്റിയത്.
1908-ൽ മീജി ഭരണകാലത്ത് പ്രശസ്ത ശില്പി കെയ്ജിറോ യമഷിത യൂറോപ്യൻ ശൈലിയിലാണ് ഈ കൂറ്റൻ കെട്ടിടം നിർമിച്ചത്. 2017 വരെ ജുവനൈൽ ജയിലായി പ്രവർത്തിച്ചിരുന്ന ഇവിടെ അഞ്ച് ബ്ലോക്കുകളും മധ്യത്തിലായി നിരീക്ഷണ ഗോപുരവുമുള്ള 'പാനോപ്റ്റിക്കൺ' വാസ്തുവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം അഞ്ഞൂറോളം പഴയ ജയിൽ സെല്ലുകൾ സംയോജിപ്പിച്ചാണ് 48 അതിവിശാലമായ ലക്ചറി സ്യൂട്ടുകളും റസ്റ്ററന്റുകളും ഒരുക്കിയിരിക്കുന്നത്. ഒൻപത് മുതൽ പതിനൊന്ന് വരെ സെല്ലുകൾ ഒന്നിച്ചുചേർത്താണ് ഓരോ മുറിയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെല്ലുകളുടെ കനത്ത ഇരുമ്പ് വാതിലുകളും ഇഷ്ടികച്ചുവരുകളും പൗരാണികത നിലനിർത്താൻ മാറ്റമില്ലാതെ തുടരുന്നു.
സെല്ലുകൾക്കുള്ളിൽ അത്യാധുനിക ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ് അതിഥികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. വിശാലമായ ലൗഞ്ച്, സൗജന്യ മിനി ബാർ, വാക്ക്-ഇൻ ക്ലോസറ്റ്, പൗരാണിക കാസറ്റ് പ്ലെയർ, അത്യാധുനിക ബാത്ത്റൂമുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഭൂകമ്പ സാധ്യതകൾ മുൻനിർത്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകളും കെട്ടിടത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന മുറികൾക്കനുസരിച്ച് ഒരു രാത്രി തങ്ങുന്നതിന് 30,000 രൂപ മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക് ഈടാക്കുന്നത്.
#4PMNews #NaraPrison #JapanTourism #LuxuryHotel #UniqueTravel
[ചുരുക്കത്തിൽ]
തടവറയിൽ ഒരു രാത്രി കഴിച്ചുകൂട്ടാൻ ലക്ഷങ്ങൾ ചെലവഴിക്കാൻ തയ്യാറായി സഞ്ചാരികൾ. ജപ്പാനിലെ 118 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ 'നാര' ജയിലാണ് ഇപ്പോൾ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായി മാറിയിരിക്കുന്നത്.
ddfsdssd

