പ്രത്യേക ജനറൽ ബോഡിക്ക് മുൻപ് ചൂടുപിടിച്ച് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ രാഷ്ട്രീയം: ഭരണസമിതിക്കെതിരെ ആരോപണങ്ങളുമായി യുപിപി; വാസ്തവം അറിയാൻ രക്ഷിതാക്കൾ എത്തണമെന്ന് പിപിഎ
പ്രദീപ് പുറവങ്കര
ഇന്ത്യൻ സ്‌കൂളിന്റെ നിലവിലെ ഭരണകര്‍ത്താക്കള്‍ തുടര്‍ച്ചയായി ലഭിച്ച അധികാരത്തിന്‍റെ ലഹരിയിലും ധാര്‍ഷ്ട്യത്തിലും ഇന്ത്യന്‍ സ്കൂളിന്‍റെ നെടും തൂണായ ഭരണഘടനയേയും നിലവില്‍ സ്കൂളിന്‍റെ ഉടമകളായ രക്ഷിതാക്കളേയും വെറും നോക്കു കുത്തികളാക്കി ഇന്ത്യന്‍ സ്കൂള്‍ എന്ന മഹത്പ്രസ്ഥാനത്തെ തകര്‍ക്കരുതെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മയായ യുപിപി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാളെ നടക്കാനിരിക്കുന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിന് മുന്നോടിയായാണ് വാർത്തസമ്മേളനം വിളിച്ച് ചേർത്തത്. പത്ത് ദിവസം മുമ്പ് നോട്ടീസ് നൽകി വിളിക്കേണ്ടിയിരുന്ന യോഗത്തിന് കേവലം 7 ദിവസം മാത്രമാണ് സമയം നൽകിയതെന്നും ഒരു വിഷയത്തെ മാത്രം ചർച്ച ചെയ്യാറുള്ള യോഗത്തിൽ നാല് പ്രധാന വിഷയങ്ങൾ എടുത്ത് ചർച്ച ചെയ്യുന്നത് ദുരൂഹമാണെന്നും ഇവർ ആരോപിച്ചു.
ഇതിൽ ഏറ്റവും പ്രധാന്യമുള്ള വിഷയം ഇന്ത്യൻ സ്കൂളിന് സ്വന്തമായി കമ്മേർഷ്യൽ ലൈസൻസ് എടുക്കുന്നതിനെ കുറിച്ചാണെന്നും 2016 മുതൽ മന്ത്രാലയത്തിന്റെ നിർദേശമുള്ള ഈ കാര്യത്തിന് പുതിയ കമ്മിററിയുടെ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ 8000 ൽ അധികം രക്ഷിതാക്കളും 11,000 ൽ അധികം കുട്ടികളും ഉള്ള വിദ്യാലയത്തിലെ എല്ലാ രക്ഷിതാക്കളുമായി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നും ഇവർ പറഞ്ഞു. വലിയ തോതില്‍ ആസ്തിയുള്ള ഒരു സ്ഥാപനം അടുത്ത മാസം സ്ഥാനം ഒഴിയാനുള്ള ഒരു കമ്മിറ്റിക്ക് തോന്നുന്ന രീതില്‍ ഏതെങ്കിലും വ്യക്തികളുടെ പേരിൽ ലൈസൻസ് എടുക്കുവാൻ തുനിയുന്നത് ഒട്ടും അനുവദനീയമായ കാര്യമല്ല.
അതോടൊപ്പം കാലാവധി കഴിയുവാൻ ഒരു മാസം മാത്രം ബാക്കിയുള്ള ഒരു ഭരണസമിതിക്ക് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി തുടര്‍ച്ചയായി ഭരിച്ചിട്ടും അവസാന നിമിഷത്തില്‍ പുതിയ കെട്ടിടം പണിയാനുള്ള തിടുക്കവും ധൃതിയും എന്തിന് വേണ്ടിയാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോഴും കൃത്യമായി ശമ്പളം കൊടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. ആസൂത്രണമാമില്ലായ്മയും അനാവശ്യ ചെലവുകളുമാണ് ഇതിനൊക്കെ പ്രധാന കാരണം.
ഇന്ത്യൻ സ്‌കൂളിന്റെ നിലവിലെ ഭരണ ഘടന അനുസരിച്ച് എത്രയും വേഗം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കണമെന്നും ഭരണഘടനാ ഭേദഗതിയും സിആർ വിഷയവും അജണ്ടയിൽ പറഞ്ഞ മറ്റു കാര്യങ്ങളും വരാൻ പോകുന്ന പുതിയ ഭരണസമിതിക്ക് വിട്ടുകൊടുക്കണമെന്നും യുപിപി ആവശ്യപെട്ടു . ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ യുപിപി ചെയർമാൻ ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, എഫ്.എം.ഫൈസല്‍, ചന്ദ്രബോസ്, ജവാദ് പാഷ, ഷിബിന്‍ തോമസ്, ഖിലര്‍ വലിയകത്ത് എന്നിവർ പങ്കെടുത്തു
അതേസമയം നാളെ വിളിച്ച് ചേർത്തിരിക്കുന്ന യോഗത്തിൽ എല്ലാ രക്ഷിതാക്കളും സജീവമായി പങ്കെടുക്കണമെന്ന് നിലവിലെ നിർവാഹകസമിതിയിലെ ഭൂരിപക്ഷം അംഗങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രൊഗ്രസീവ് പാരന്റസ് അലൈൻസ് അഭ്യർത്ഥിച്ചു.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെയും അവർ പഠിക്കുന്ന സ്ഥാപനത്തിന്റെ ഭാവിയെയും സംബന്ധിക്കുന്ന വിഷയങ്ങൾ നേരിട്ട് അറിയാനും, സംശയങ്ങൾക്ക് വ്യക്തത തേടാനും, ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാനും രക്ഷിതാക്കൾക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട അവസരമാണ് ഇതെന്ന് അവർ വാർത്താകുറിപ്പിലൂടെ വ്യക്തമാതക്കി.
വിദ്യാലയവുമായി ബന്ധപ്പെട്ട് വിവിധ വാർത്തകളും അഭിപ്രായങ്ങളും ചർച്ചകളും ഇന്ന് സോഷ്യൽ മീഡിയയിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും
പ്രചരിക്കുന്നുണ്ടെന്നും, കേട്ടുകേൾവികളുടെയോ സ്ഥിരീകരിക്കാത്ത വിവരങ്ങളുടെയോ അടിസ്ഥാനത്തിൽ ഇവ വിലയിരുത്തുന്നതിനുപകരം, വസ്തുതകളും ഔദ്യോഗിക വിശദീകരണങ്ങളും നേരിട്ട് മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അവർ അറിയിച്ചു.
XZz

