സൗദിയിൽ ദുരിതമനുഭവിച്ച ഇന്ത്യക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
ദമ്മാം : സ്പോൺസറുടെ പിടി വാശി മൂലം മൂന്നു മാസത്തിലധികം ദമ്മാം വനിതാ അഭയ കേന്ദ്രത്തിൽ കഴിയേണ്ടി വന്ന ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിയായ മസ്ഥാനി ഒരു വർഷം മുന്പാണ് വീട്ടുജോലിയ്ക്കായി ദമ്മാമിലെ ഒരു വീട്ടിൽ എത്തിയത്.
ഒന്പതു മാസം അവിടെ ജോലി ചെയ്തു. കഠിനമായ ജോലിഭാരവും, വിശ്രമമില്ലായ്മയും മൂലം ആരോഗ്യം ക്ഷയിച്ചപ്പോൾ, ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയായി. തനിയ്ക്ക് ഇനി ജോലി ചെയ്യാൻ കഴിയില്ല എന്നും, നാട്ടിലേയ്ക്ക് തിരികെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, സ്പോൺസർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. സ്പോൺസർ പിന്നീട് തിരിഞ്ഞു നോക്കാത്തതിനാൽ മസ്ഥാനിയ്ക്ക് നാട്ടിൽപോകാൻ കഴിഞ്ഞില്ല.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നവയുഗം പ്രവർത്തകർ നിരന്തരമായി സ്പോൺസറെ വിളിയ്ക്കുകയും, സൗദി അധികാരികളെക്കൊണ്ട് സമ്മർദ്ദം ചെലുത്തുകയും ചെയ്തപ്പോൾ ഒത്തുതീർപ്പിന് സ്പോൺസർമാർ തയ്യാറാവുകയായിരുന്നു.
മസ്ഥാനിയ്ക്ക് ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. മഞ്ജുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൈദരാബാദ് അസ്സോസിയേഷൻ ഭാരവാഹിയും, എംബസി വോളന്റീർ ടീം തലവനുമായ ഡോ.മിർസ ബൈഗ് മസ്ഥാനിയ്ക്ക് സാന്പത്തിക സഹായവും നൽകി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി മസ്ഥാനി നാട്ടിലേയ്ക്ക് മടങ്ങി.

