യമനെ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന താവളമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് സൗദി യു.എന്നിൽ
ശാരിക
റിയാദ്: യമനെ തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു താവളമാക്കി മാറ്റാൻ സൗദി അറേബ്യ അനുവദിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു. തങ്ങളുടെ സുരക്ഷയും പരമാധികാരവും വിഭവങ്ങളും സംരക്ഷിക്കാനും രാജ്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ചെറുക്കാനുമുള്ള സൗദിയുടെ സ്വാഭാവിക അവകാശം അദ്ദേഹം ഊന്നിപ്പറഞ്ഞു. യമനിലെ സ്ഥിതിഗതികളെക്കുറിച്ച് ചേർന്ന യു.എൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കവെയാണ് യു.എന്നിലെ സൗദിസ്ഥിരം പ്രതിനിധി സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും തന്ത്രപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഹൂതി തീവ്രവാദ സംഘടന നടത്തിയ ആക്രമണങ്ങളെ സൗദി ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയുടെ കരാറിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായി തങ്ങളുടെ പ്രദേശങ്ങളും വിഭവങ്ങളും പരമാധികാരവും പൗരന്മാരുടെയും നിവാസികളുടെയും സുരക്ഷ ഉറപ്പാക്കാനും സമാധാനം നിലനിർത്താനും ആക്രമണങ്ങളെ ചെറുക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള തങ്ങളുടെ സ്വാഭാവിക അവകാശം സൗദി ആവർത്തിച്ചു വ്യക്തമാക്കി.
ഹൂതി സംഘടനയുടെ തുടർച്ചയായ പ്രകോപനങ്ങളും സാധാരണക്കാരെ ലക്ഷ്യമിടുന്നതും ചെങ്കടലിലെയും ബാബ് അൽമന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തുന്നതും യമനിലും പ്രദേശത്തും മാത്രം ഒതുങ്ങുന്നല്ല. അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും ആഗോള വാണിജ്യ നീക്കങ്ങളെയും അന്താരാഷ്ട്ര വിതരണ ശൃംഖലയെയും ബാധിക്കുന്ന ഗൗരവമേറിയ ഭീഷണിയാണെന്നും അൽവാസിൽ പറഞ്ഞു. പൊതുവെ മേഖലയിലെയും പ്രത്യേകിച്ചും യമനിലെയും സ്ഥിതിഗതികളിൽ താൽപ്പര്യം പ്രകടിപ്പിച്ചതിന് രക്ഷാസമിതിയുടെ പ്രസിഡന്റിനും അംഗങ്ങൾക്കും അൽവാസിൽ നന്ദി അറിയിച്ചു. അതിനിർണായകമായ സാഹചര്യങ്ങളിലും പ്രധാനപ്പെട്ട സംഭവവികാസങ്ങൾക്കിടയിലുമാണ് രക്ഷാസമിതി യോഗം ചേരുന്നത്. അതിനാൽ ഇതിന്റെ അപകടസാധ്യതകളെയും ഭീഷണികളെയും പരമാവധി ഉത്തരവാദിത്തത്തോടെ നേരിടേണ്ടതുണ്ട്. യമൻ ജനതക്കും അയൽരാജ്യങ്ങൾക്കും മേഖലക്കും എതിരെ ഹൂതി മിലിഷിയ തങ്ങളുടെ ശത്രുതാപരമായ അക്രമപ്രവർത്തനങ്ങൾ തുടരുകയാണ്.
സൗദിയിലെ സിവിലിയന്മാരെയും സിവിലിയൻ സ്വത്തുക്കളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതിന് പുറമെ യമൻ ജനതക്കെതിരെ ഉപരോധം ഏർപ്പെടുത്തൽ, നിർബന്ധിത കുടിയൊഴിപ്പിക്കൽ, പട്ടിണിക്കിടൽ, സ്ത്രീകളെ ഭയപ്പെടുത്തൽ, കുട്ടികളെ സൈന്യത്തിൽ ചേർക്കൽ തുടങ്ങിയ അക്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു. സമാധാനത്തിന് പകരം സൈനിക ആക്രമണത്തിന്റെ പാത ഹൂതികൾ പിന്തുടരുന്നത് യമൻ പ്രതിസന്ധി കൂടുതൽ നീണ്ടുപോകാനും യമൻ ജനതയുടെ ദുരിതം വർധിപ്പിക്കാനും സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള പ്രാദേശികവും അന്താരാഷ്ട്രീയവുമായ ശ്രമങ്ങളെ തകർക്കാനും മാത്രമേ ഉപകരിക്കൂ എന്ന് അൽവാസിൽ ഊന്നിപ്പറഞ്ഞു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി തീവ്രവാദ സംഘടന നടത്തിയ രണ്ട് ആക്രമണങ്ങളിലൂടെ വലിയ പ്രകോപനപരമായ ആക്രമണമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 29-ന് മദീനയിൽ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ സ്റ്റേഷന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇത് ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നായിരുന്നു. ഈ ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും എതിരെയുള്ള ലംഘനം മാത്രമല്ല, സാധാരണക്കാരുടെയും വ്യോമയാന സുരക്ഷയുടെയും നേർക്കുള്ള നേരിട്ടുള്ള ഭീഷണി കൂടിയാണെന്ന് അൽവാസിൽ പറഞ്ഞു. ആയുധബലത്തിലൂടെ ഒരു ഭീകര സംഘടന യമന്റെമേലും പ്രദേശത്തിന്റെമേലും സ്വന്തം ആധിപത്യം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യമൻ വിഷയത്തിൽ സുപ്രധാനമായ രക്ഷാസമിതി പ്രമേയങ്ങൾ നടപ്പിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് അൽവാസിൽ ആവശ്യപ്പെട്ടു.
sdsadsdf

