ഇറാൻ്റെ മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ; മേഖലയിൽ സംഘർഷം കടുക്കുന്നു


പ്രദീപ് പുറവങ്കര I ഗൾഫ്

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണം സൗദി പ്രതിരോധ മന്ത്രാലയം പരാജയപ്പെടുത്തി. ഇന്ന് പ്രവിശ്യയിലേക്ക് തൊടുത്തുവിട്ട 11 ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് തന്നെ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിൽ ഇറാൻ തുടരുന്ന ശത്രുതാപരമായ നീക്കങ്ങളുടെ ഭാഗമാണിതെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

മിസൈലുകൾ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പ്രധാന ഊർജ്ജ നിലയങ്ങളുടെ പരിസര പ്രദേശങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതുമൂലം എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതർ വിലയിരുത്തി വരികയാണ്.

ഇറാൻ്റെ ഈ നടപടിയെ "ക്രൂരമായ ആക്രമണം" എന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ, ഇതിനെ ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദിക്ക് പുറമെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെയും മറ്റ് അറബ്-ഇസ്‌ലാമിക് സൗഹൃദ രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ്റെ നീക്കങ്ങൾ മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇറാൻ്റെ നടപടികൾ അപകടകരമായ പ്രകോപനമാണെന്ന് സൗദി അറേബ്യയോടൊപ്പം ജോർദാനും മറ്റ് ഗൾഫ് രാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. നേരിട്ട് യുദ്ധത്തിൽ ഏർപ്പെടാത്ത രാജ്യങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സംയുക്ത പ്രസ്താവനയിൽ ഇവർ ചൂണ്ടിക്കാട്ടി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed