സുരക്ഷാ മുൻകരുതൽ: കിംഗ് ഫഹദ് പാലത്തിൽ ഗതാഗതം നിർത്തിവെച്ചു
പ്രദീപ് പുറവങ്കര I ഗൾഫ്
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിനെത്തുടർന്ന്, കിംഗ് ഫഹദ് പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി മേഖലയിൽ നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് വാഹന സഞ്ചാരം തടഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.
സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന പാതയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി ഇരിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ ഭീഷണി ഒഴിയുന്ന മുറയ്ക്ക് ഗതാഗതം പുനഃസ്ഥാപിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. അടിയന്തര സഹായങ്ങൾക്കായി കിഴക്കൻ പ്രവിശ്യയിലുള്ളവർ 911 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
aa




