ആദ്യമായി വാണിജ്യ കപ്പലുകൾ നിർമ്മിക്കാൻ സൗദി

ഷീബ വിജയൻ
ജിദ്ദ I രാജ്യത്ത് ആദ്യമായി വാണിജ്യ കപ്പലുകൾ നിർമ്മിക്കുന്നു. ഇത് സൗദി മാരിടൈം ചരിത്രത്തിൽ നാഴികക്കല്ലായിരിക്കും. സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് ദാതാക്കളായ നാഷനൽ ഷിപ്പിംഗ് കമ്പനി ഓഫ് സൗദി അറേബ്യ (ബഹ്‌രി) ആണ് രാജ്യത്തിന്റെ മാരിടൈം വ്യവസായത്തിൽ ഒരു പുതിയ അധ്യായം കുറിക്കാനൊരുങ്ങുന്നത്. ഇന്റർനാഷണൽ മാരിടൈം ഇൻഡസ്ട്രീസുമായി (ഐ.എം.ഐ) ചേർന്ന് ആറ് പുതിയ ഡ്രൈ ബൾക്ക് കാരിയർ കപ്പലുകൾ നിർമിക്കുന്നതിനുള്ള ചരിത്രപരമായ കരാറിൽ ബഹ്‌രി കമ്പനി ഒപ്പുവച്ചു. ഇതോടെ സൗദി അറേബ്യയിൽ ആരംഭിക്കുന്ന ആദ്യത്തെ വൻകിട ദേശീയ കപ്പൽ നിർമ്മാണ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി.
ഈ അത്യാധുനിക കപ്പലുകൾ നിർമ്മിക്കുന്നത് റാസ് അൽ ഖൈറിലെ ഐ.എം.ഐയുടെ കപ്പൽശാലയിലാണ്. മിഡിൽ ഈസ്റ്റ്-വടക്കൻ ആഫ്രിക്ക മേഖലയിലെ ഏറ്റവും നൂതനവും സമഗ്രവുമായ മാരിടൈം കേന്ദ്രമായാണ് ഈ കപ്പൽശാല അറിയപ്പെടുന്നത്. സൗദി അറേബ്യൻ ഓയിൽ കമ്പനിയായ സൗദി ആരാംകോയും ബഹ്‌രിയും ഉൾപ്പെടെയുള്ള ആഗോള പങ്കാളിത്തത്തോടെയാണ് ഐ.എം.ഐ പ്രവർത്തിക്കുന്നത്. നിർമ്മാണത്തിന് ഓർഡർ നൽകിയിട്ടുള്ള ആറ് കപ്പലുകളും അൾട്രാമാക്സ് വിഭാഗത്തിൽപ്പെട്ടവയാണ്. ഏകദേശം 62,823 ഡെഡ്‌വെയ്റ്റ് ടൺ (ഡി.ഡബ്ലിയു.ടി) ശേഷിയുള്ള ഈ കപ്പലുകൾ, ഉയർന്ന പ്രവർത്തനക്ഷമതയും വഴക്കവും ഉറപ്പാക്കുന്നു. ആദ്യ ആറ് കപ്പലുകളുടെ നിർമ്മാണത്തിന് ഏകദേശം 203 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളുള്ള തുറമുഖങ്ങളിൽ പോലും എളുപ്പത്തിൽ പ്രവേശിക്കാനാകും എന്നതാണ് പുതിയ കപ്പലുകളുടെ പ്രത്യേകത.
SAASSAAS