കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങളിൽ തിരിമറി: ബഹ്‌റൈനിൽ എട്ടുപേർ പിടിയിൽ; സ്ഥാപനങ്ങൾ സീൽ ചെയ്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങളുടെ ലേബലുകളിൽ കൃത്രിമം കാണിച്ച് വിതരണം ചെയ്യാനും വിൽക്കാനും ശ്രമിച്ച എട്ടുപേരെ ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ പ്രതികൾ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ വെയർഹൗസും അനുബന്ധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും അധികൃതർ ഉടനടി സീൽ ചെയ്തു. പിടിയിലായവരുടെ കൂടുതൽ വിവരങ്ങൾ പ്രോസിക്യൂഷൻ വെളിപ്പെടുത്തിയിട്ടില്ല.
ഹമലയിലുള്ള ഒരു കമ്പനിയുടെ വെയർഹൗസിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ വൻതോതിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. നോർത്തേൺ ഹമദ് ടൗൺ പോലീസ് സ്റ്റേഷനിൽ ഒരു ഏഷ്യൻ സ്വദേശിയാണ് ഇതുസംബന്ധിച്ച വിവരം കൈമാറിയത്. ഉൽപ്പന്നങ്ങളിലെ യഥാർത്ഥ എക്സ്പയറി തീയതികൾ മാറ്റി പുതിയ തീയതികൾ രേഖപ്പെടുത്തി വീണ്ടും പാക്ക് ചെയ്ത് വിപണിയിലെത്തിക്കാനായിരുന്നു പ്രതികളുടെ നീക്കം. വിവരമറിഞ്ഞ ഉടൻ ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് മന്ത്രാലയത്തിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ വെയർഹൗസിൽ സംയുക്ത പരിശോധന നടത്തുകയും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ എട്ടു പ്രതികളെയും ചോദ്യം ചെയ്ത ശേഷം തടങ്കലിൽ വെക്കാൻ ഉത്തരവിട്ടു. സമാനമായ രീതിയിൽ വിപണിയിൽ ഇതിനകം വിതരണം ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താനും അവ പിടിച്ചെടുക്കാനും ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് പ്രോസിക്യൂഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതോടെ പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് വിചാരണയ്ക്കായി മാറ്റും.
jhhklklh


