സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് മുൻഗണന: വേതന സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ സ്വദേശികൾക്ക് പ്രഥമ പരിഗണന നൽകുമെന്ന നിലപാട് സർക്കാർ ആവർത്തിച്ചു. ലേബർ, ലീഗൽ അഫയേഴ്‌സ് മന്ത്രി യൂസിഫ് ഖലാഫ് ആണ് പാർലിമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശമ്പളം വൈകുന്ന സാഹചര്യം ഒഴിവാക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വദേശിവൽക്കരണ നടപടികളുടെ ഭാഗമായി വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മുൻപായി തൊഴിലുടമകൾ 21 ദിവസത്തെ നിർബന്ധിത കാത്തിരിപ്പ് കാലാവധി പാലിക്കണം. ഇതിൽ ഏഴു ദിവസം ഒഴിവുകൾ പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യേണ്ടതുണ്ട്. യോഗ്യരായ ബഹ്‌റൈനികൾ ഉണ്ടെങ്കിൽ അവർക്ക് അഭിമുഖത്തിന് അവസരം നൽകണം. നാഷണൽ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി സ്വദേശികൾക്ക് ജോലി ലഭിക്കാനുള്ള ആദ്യ അവസരം ഉറപ്പാക്കുക എന്നതാണ് ഈ നിയമം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.
2019 മുതൽ നടപ്പിലാക്കിയ വേതന സുരക്ഷാ സംവിധാനം വഴി ശമ്പളം നൽകുന്നത് ബാങ്കുകൾ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 2022 മുതൽ 2025 വരെ ശമ്പളം വൈകിയതുമായി ബന്ധപ്പെട്ട് 2,300-ഓളം പരാതികൾ ലഭിച്ചു. ഇതിൽ കഴിഞ്ഞ വർഷം മാത്രം 537 പരാതികളാണ് റിപ്പോർട്ട് ചെയ്തത്. എങ്കിലും നിലവിൽ 99.3 ശതമാനം സ്ഥാപനങ്ങളും കൃത്യമായി ശമ്പളം നൽകുന്നുണ്ടെന്നത് ആശ്വാസകരമാണ്. നിയമം ലംഘിക്കുന്നവർക്ക് പിഴയും തൊഴിലാളികൾക്ക് നഷ്ടപരിഹാരവും നൽകാനുള്ള നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും നീതിയുക്തമായ തൊഴിൽ സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
sfds


