ബഹ്‌റൈനിൽ വ്രതപുണ്യത്തിന്റെ തുടക്കം; ഭരണാധികാരികൾ ആശംസകൾ നേർന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വിശുദ്ധ റംമദാൻ മാസത്തിന്റെ വരവറിയിച്ച് ബഹ്‌റൈൻ ഭരണാധികാരികൾ പരസ്പരം ആശംസകൾ കൈമാറി. ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമാണ് റംസാൻ ആശംസകൾ പങ്കുവെച്ചത്. അറബ്-ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾക്കും ഇരുവരും ആശംസകൾ നേർന്നു. രാജകുടുംബാംഗങ്ങൾ, ശൂറ കൗൺസിൽ - പാർലമെന്റ് അധ്യക്ഷന്മാർ, നയതന്ത്രജ്ഞർ, വിവിധ സാമൂഹിക സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരിൽ നിന്ന് ഭരണാധികാരികൾക്ക് ആശംസകൾ പ്രവഹിച്ചു. കിരീടാവകാശി സോഷ്യൽ മീഡിയയിലൂടെയും ജനങ്ങൾക്ക് റംസാൻ ആശംസകൾ അറിയിച്ചിട്ടുണ്ട്.
നോമ്പ് തുറക്കുന്ന സമയം അറിയിക്കുന്നതിനായി രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിൽ പീരങ്കികൾ സജ്ജീകരിച്ചിട്ടുണ്ട്. മുഹറഖിലെ അരാദ് ഫോർട്ട്, ദുറാസിലെ അബു സുബ് ബീച്ച്, റിഫയിലെ ഹുനൈനിയ വാലി ഈദ് ഗാഹ്, ദി അവന്യൂസ് ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് വെടിമുഴക്കം നടക്കുക. വൈകുന്നേരം നാല് മണി മുതൽ പീരങ്കികൾ സജ്ജമാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വെടിമുഴക്കുക. പൊതുജനങ്ങൾക്ക് ഇത് നേരിട്ട് കാണാൻ അവസരമുണ്ട്. ബഹ്‌റൈൻ ടെലിവിഷൻ ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും.
വിശുദ്ധ മാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി കർശന നിയമങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. പകൽ സമയങ്ങളിൽ പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതോ വെള്ളം കുടിക്കുന്നതോ പുകവലിക്കുന്നതോ കുറ്റകരമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 100 ബഹ്‌റൈൻ ദിനാർ പിഴയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
fsdfs


