അമുൽ അടക്കം പ്രമുഖ പാലുൽപ്പന്ന ബ്രാൻഡുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്


ശാരിക l വാണിജ്യം

രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുൽ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നു. 'ടേസ്റ്റ് ഓഫ് ഇന്ത്യ' എന്ന് അവകാശപ്പെടുന്ന അമുലിന്റെ വിവിധ ഉൽപന്നങ്ങളിൽ സുരക്ഷിതമല്ലാത്ത അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള പരിധിയേക്കാൾ ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകളാണ് അമുൽ പാലിൽ കണ്ടെത്തിയത്.

അമുൽ താസ, അമുൽ ഗോൾഡ് എന്നിവയ്ക്ക് പുറമെ അമുൽ തൈരിലും സുരക്ഷിത മാനദണ്ഡങ്ങളേക്കാൾ 2,100 മടങ്ങ് കൂടുതൽ കോളിഫോം ബാക്ടീരിയകളും 60 മടങ്ങ് കൂടുതൽ യീസ്റ്റും പൂപ്പലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഉൽപന്നങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഈ കണ്ടെത്തലുകൾ അടിസ്ഥാനരഹിതമാണെന്നുമാണ് അമുലിന്റെ ഔദ്യോഗിക വിശദീകരണം.

അമുലിന് പുറമെ മദർ ഡയറി, കൺട്രി ഡിലൈറ്റ് എന്നീ ബ്രാൻഡുകളും പരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ട്. പാലിലെ ബാക്ടീരിയകളുടെ ആകെ അളവ് കണക്കാക്കുന്ന ടോട്ടൽ പ്ലേറ്റ് കൗണ്ട് (ടി.പി.സി) പരിശോധനയിലാണ് മദർ ഡയറി പരാജയപ്പെട്ടത്. 'കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് അടുക്കളയിലേക്ക്' എന്ന പരസ്യം ഉയർത്തിപ്പിടിച്ച കൺട്രി ഡിലൈറ്റിന്റെ സാമ്പിളുകളിലും നിശ്ചിത അളവിൽ കൂടുതൽ ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്.

പാലുൽപ്പന്നങ്ങൾക്ക് പുറമേ പ്രോട്ടീൻ സപ്ലിമെന്റായി ഉപയോഗിക്കുന്ന 'എഗ്ഗോസ് ന്യൂട്രീഷൻ' ഇന്ത്യയുടെ മുട്ടകളും പരിശോധനയിൽ പരാജയപ്പെട്ടു. ട്രസ്റ്റിഫൈഡ് നടത്തിയ പരിശോധനയിൽ ഇവരുടെ മുട്ടകളിൽ പല രാജ്യങ്ങളും നിരോധിച്ച അമിനോ ഓക്സസോളിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. നിത്യവും ഉപയോഗിക്കുന്ന പാലും മുട്ടയും ഇത്തരത്തിൽ ഗുണനിലവാരമില്ലാത്തതാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

article-image

dsfgdsgd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed