നിയമവിരുദ്ധമായി ചൂതാട്ടം ; പ്രവാസി പോലീസ് പിടിയിൽ

ഖത്തറില്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ഒരു പ്രവാസി അറസ്റ്റിലായി. തൊഴിലാളികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ ചൂതാട്ടം നടത്തിയതിനാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്. നിരവധി തൊഴിലാളികള്‍ നില്‍ക്കുന്ന സ്ഥലത്ത് ഒരാള്‍ പ്രത്യേക തരത്തിലുള്ള ഒരു ഉപകരണം ഉപയോഗിച്ച് ചൂതാട്ടം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ട അധികൃതര്‍ ഇതിന്റെ സത്യാവസ്ഥ പരിശോധിക്കുകയും അന്വേഷണം നടത്തി യുവാവിനെ കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ചൂതാട്ടം നടത്തിയതായി സമ്മതിച്ചു.
ഇതേ തുടര്‍ന്ന് നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇയാളെ ജുഡീഷ്യല്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഖത്തറില്‍ നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എവിടെയെങ്കിലും നടക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ മെട്രാഷ് - 2 മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അധികൃതരെ വിവരമറിയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു.