താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾക്കായി ഐ.സി.ആർ.എഫ് വനിതാ ഫോറം 'ഫൺ ഡേ' സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പ്രവാസലോകത്തെ സാധാരണക്കാരായ വനിതകൾക്ക് ആശ്വാസവും സന്തോഷവും പകർന്ന് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ (ICRF) വനിതാ ഫോറം 'ഫൺ ഡേ' സംഘടിപ്പിച്ചു. മനാമയിലെ അൻഡലസ് ഗാർഡനിൽ നടന്ന പരിപാടിയിൽ നൂറോളം സ്ത്രീകൾ പങ്കെടുത്തു. ജീവിതത്തിന്റെ പ്രയാസങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് മാനസിക ഉല്ലാസവും ഐക്യദാർഢ്യവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ഒരുക്കിയത്.
പ്രഭാത നടത്തത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന സാംസ്കാരിക പരിപാടികളും വിവിധ വിനോദ മത്സരങ്ങളും കേക്ക് മുറിക്കലും പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഒത്തുചേരാനും ലഭിച്ച ഈ അവസരത്തെ ഏറെ ആവേശത്തോടെയാണ് സ്ത്രീകൾ വരവേറ്റത്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണവും പ്രത്യേക സമ്മാനപ്പൊതികളും വിതരണം ചെയ്തു.
ഐ.സി.ആർ.എഫ് വനിതാ ഫോറം അംഗങ്ങളായ കൽപ്പന പാട്ടീൽ, നിമ്മി റോഷൻ, ശ്യാമള, ഹേമലത സിംഗ്, റെയ്‌ന ക്ലിഫോർഡ്, സ്വപ്ന, പാപ്പിഹ ഗുഹ, രാജേശ്വരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ഐ.സി.ആർ.എഫ് വിമൻസ് ഫോറവുമായി 32225044 അല്ലെങ്കിൽ 39587681 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dgdfg


