ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ ബഹ്റൈനിൽ ശിക്ഷ കഠിനം; റമദാനിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: റമദാൻ മാസത്തിൽ സജീവമാകുന്ന ഭിക്ഷാടന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു. അനുഭാവം പിടിച്ചുപറ്റാൻ വ്യാജ മുറിവുകളും വൈകല്യങ്ങളും കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും, 2007-ലെ അഞ്ചാം നമ്പർ നിയമപ്രകാരം ബഹ്‌റൈനിൽ ഭിക്ഷാടനം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ പണത്തിനായി അഭ്യർത്ഥിക്കുന്നത് മാത്രമല്ല നിയമവിരുദ്ധമായി കണക്കാക്കുന്നത്. വൈകല്യമോ മുറിവോ ഉണ്ടെന്ന് നടിച്ച് പണം വാങ്ങുന്നതും ചെറിയ കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. വില കുറഞ്ഞ സാധനങ്ങൾ വിൽക്കാനെന്ന വ്യാജേന വഴിയാത്രക്കാരെ സമീപിച്ച് പണം വാങ്ങുന്നതും നിയമലംഘനത്തിന്റെ പരിധിയിൽ വരും.
ആദ്യമായി പിടിക്കപ്പെടുന്നവർക്ക് ശിക്ഷയേക്കാൾ ഉപരിയായി പുനരധിവാസത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഇവരെ കെയർ ഹോമുകളിലേക്ക് മാറ്റുകയും അർഹരായവർക്ക് ജോലി സൗകര്യമോ പ്രതിമാസ അലവൻസോ നൽകുകയും ചെയ്യും. എന്നാൽ ആരോഗ്യമുണ്ടായിട്ടും വീണ്ടും ഭിക്ഷാടനത്തിന് ഇറങ്ങുന്നവർക്ക് ഒരു വർഷം വരെ തടവും നൂറ് ദീനാർ പിഴയും ലഭിക്കാവുന്നതാണ്.
കുട്ടികളെ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കും. ഇത് മാതാപിതാക്കളോ രക്ഷിതാക്കളോ ആണെങ്കിൽ ശിക്ഷ മൂന്ന് വർഷം വരെ നീളാം. ഭിക്ഷാടനത്തിന് പിടിയിലാകുന്ന വിദേശികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. അർഹരായവരിലേക്ക് സഹായമെത്തിക്കാൻ സർക്കാർ അംഗീകരിച്ച ചാരിറ്റി സംഘടനകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
aa


