പ്രതിരോധരംഗത്ത് കൈകോർത്ത് ബഹ്‌റൈനും ഫ്രാൻസും; ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
പാരിസ്: ബഹ്‌റൈനും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര-പ്രതിരോധ ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണ്ണായകമായ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് പാരിസിലെത്തിയ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫയും പ്രസിഡന്റ് മാക്രോണും തമ്മിൽ എലീസി കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്.
തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുന്നതിനും സൈനിക വൈദഗ്ധ്യം പങ്കുവെക്കുന്നതിനും പുതിയ കരാർ വഴിയൊരുക്കും. ബഹ്‌റൈൻ നാഷണൽ സെക്യൂറിറ്റി അഡ്വൈസറും സുപ്രീം ഡിഫൻസ് കൗൺസിൽ സെക്രട്ടറി ജനറലുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ മന്ത്രി ആലിസ് റൂഫോയുമാണ് കരാറിൽ ഒപ്പുവെച്ചത്. മിഡിൽ ഈസ്റ്റിലെ സുരക്ഷാ മേഖലയിൽ ഈ കരാർ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എലീസി കൊട്ടാരത്തിലെത്തിയ ഹമദ് രാജാവിനും പ്രതിനിധി സംഘത്തിനും വൻ സ്വീകരണമാണ് ഫ്രാൻസ് നൽകിയത്. സന്ദർശനത്തോടനുബന്ധിച്ച് പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയെക്കുറിച്ചും ചർച്ചയിൽ പ്രസിഡന്റ് മാക്രോൺ എടുത്തുപറഞ്ഞു. ജോയിന്റ് ബഹ്‌റൈൻ-ഫ്രഞ്ച് ഹൈക്കമ്മിറ്റിയുടെ പ്രവർത്തനം ഊർജിതമാക്കാനും എല്ലാ മേഖലകളിലും സഹകരണം വ്യാപിപ്പിക്കാനും ഇരുനേതാക്കളും ധാരണയിലെത്തി.
മേഖലയിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കേണ്ടതിന്റെ ആവശ്യകത കൂടിക്കാഴ്ചയിൽ വിഷയമായി. അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കുന്നതിലും അറബ് വിഷയങ്ങളിൽ ഫ്രാൻസ് നൽകുന്ന പിന്തുണയെയും ഹമദ് രാജാവ് പ്രശംസിച്ചു. ബഹ്‌റൈനും ഫ്രാൻസും തമ്മിലുള്ള ഈ പുതിയ സഹകരണം മേഖലയിൽ ദീർഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും കരുത്തേകുമെന്ന് കരുതപ്പെടുന്നു.
dsfsdf


