ഗസ്സയിൽ നിന്ന് ചികിത്സ തേടിയെത്തിയ ഫലസ്തീനികളെ ഒമാൻ മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ സന്ദർശിച്ചു


ഗസ്സ മുനമ്പിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് മസ്‌കത്തിലെ ഖൗല ആശുപത്രിയിൽ കഴിയുന്ന ഫലസ്തീനികളെ ഒമാൻ മനുഷ്യാവകാശ കമീഷൻ (ഒ.എച്ച്.ആർ.സി) അംഗങ്ങൾ സന്ദർശിച്ചു. ഒ.എച്ച്.ആർ.സി ചെയർമാൻ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശ്വാസ വാക്കുകളുമായി കഴിഞ്ഞ ദിവസം ഹോസ്പിറ്റലിലെത്തിയത്. പരിക്കേറ്റവരുടെയും മുറിവേറ്റവരുടെയും ചികിത്സകളെയും ആരോഗ്യനിലയെക്കുറിച്ചും സംഘം ചോദിച്ച് മനസിലാക്കി. ഫലസ്തീനികൾക്കുള്ള ചികിത്സ ഇരു ജനതകളും തമ്മിലുള്ള സാഹോദര്യവും മാനുഷികവുമായ ബന്ധത്തിന്‍റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിൽ നിലകൊള്ളാനും പിന്തുണക്കാനും ഒമാൻ സ്വീകരിച്ച ഉറച്ച നിലപാടുകളെ ഇത് പിന്തുണക്കുമെന്നും ഒ.എച്ച്.ആർ.സി പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ മുനമ്പിലെ  ഇസ്രായേൽ നരനായാട്ടിൽ പരിക്കേറ്റ ഫലസ്തീനികൾ ഏപ്രിൽ മൂന്നിന് രാത്രിയാണ് ചികിത്സക്കായി ഒമാനിലെത്തിയത്. കുട്ടികളും സ്ത്രീകളുമടക്കമുള്ള  സംഘത്തെ കരുതലിന്‍റെ ഇരുകരങ്ങളും നീട്ടിയാണ് സ്വീകരിച്ചത്. പരിക്കേറ്റ ഫലസ്തീനികളെ എത്തിക്കാൻ സൗകര്യമൊരുക്കിയ ഈജിപ്തിലെ അധികാരികൾക്ക് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ഗസ്സയിലെ കുട്ടികൾക്ക് കൈത്താങ്ങുമായി ഒമാൻ എത്തിയിരുന്നു.  

ഫലസ്തീനിലെ കുട്ടികളെ സഹായിക്കാൻ സുൽത്താനേറ്റ് യുനിസെഫിന് പത്ത് ലക്ഷം യു.എസ് ഡോളർ ആണ് സംഭാവന നൽകിയത്. കുട്ടികളോടുള്ള പ്രതിബദ്ധതക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന് ഞങ്ങൾ ആത്മാർഥമായ നന്ദി അറിയിക്കുകയാണെന്ന് ഒമാനിലെ യുനിസെഫ് പ്രതിനിധി സുമൈറ ചൗധരി വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർച്ചയായുള്ള ഇസ്രായേൽ ബോബോംക്രമണത്തിൽ ഫലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ മാനസികവും ശാരീരീകവുമായ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞിട്ടുള്ളത്. ആശുപത്രികൾ ഭൂരിഭാഗവും തകർത്തതിനാൽ ശരിയായ പരിചരണംപോലും കുട്ടികൾക്ക് നൽകാൻ സാധിക്കുന്നില്ല.   

അതേസമയം, ഫലസ്തീനിലേക്ക് വിവിധ ഘട്ടങ്ങളിലായി അവശ്യ വസ്തുക്കളും ഒമാൻ  എത്തിച്ചിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ നിദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് അവശ്യവസ്തുക്കളും  ഭക്ഷണവും മെഡിക്കൽ സാമഗ്രികളും റഫ അതിർത്തി വഴി കൈമാറിയത്.ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) നേരത്തെതന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്.

article-image

sdfsdf

You might also like

Most Viewed