വിനോദ സഞ്ചാരികൾക്ക് പത്ത് ദിവസത്തെ വിസ പദ്ധതിയുമായി ഒമാൻ
മസ്ക്കറ്റ് : വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാൻ ഹ്രസ്വകാല വിസയുമായി ഒമാൻ. പത്തു ദിവസം രാജ്യത്തു തങ്ങാനുള്ള വിസയാണ് ഇതിനായി അവതരിപ്പിച്ചത്. അഞ്ചു റിയാൽ നൽകിയാൽ വിസ ലഭിക്കും. ഒരു മാസത്തേക്കും ഒരു വർഷത്തേക്കുമുള്ള വിസയുമുണ്ട്. പുതിയ നിയമഭേദഗതി വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റത്തിനു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മുന്പ് കുറഞ്ഞത് മുപ്പതു ദിവസത്തെ വിസയാണ് ഉണ്ടായിരുന്നത്. അതിനു ഇരുപതു ഒമാനി റിയൽ (3,550 രൂപ) ആയിരുന്നു നിരക്ക്. പുതിയ പരിഷ്കരണമനുസരിച്ച് മുപ്പതുദിവസം കാലാവധിയുള്ള വിസയ്ക്ക് 20 ഒമാനി റിയാലാണ് നിരക്ക്.
വിസ മാറ്റത്തിനുള്ള ഫീസ് 50 റിയാൽ ആയിരിക്കും. ഇതു തിരികെ ലഭിക്കില്ല. കഴിഞ്ഞ വർഷവും നിയമത്തിൽ പരിഷ്കരണം വരുത്തിയിരുന്നു. ഒരു വർഷത്തെ ടൂറിസ്റ്റ് വിസയിലുള്ളവർക്ക് മൂന്നാഴ്ച മുതൽ ഒരു മാസം വരെ രാജ്യത്ത് കഴിയാൻ വിസാ നീട്ടി നൽകും. സ്പോൺസർമാ രില്ലാതെ, ഓൺലൈനിലൂടെ ഇലക്ട്രോണിക് - വിസ ഉപയോഗപ്പെടുത്തി ഒമാനിലേക്ക് വരാൻ സാധിക്കുന്നവരുടെ പട്ടികയിൽ കൂടുതൽ രാഷ്ട്രങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റോയൽ ഒമാൻ പോലീസിന്റെ വെബ്സൈറ്റ് വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ട്. പുതിയ പരിഷ്കരണങ്ങൾ ഈ മാസം 14 മുതൽ പ്രാബല്യത്തിൽ വന്നതായി റോയൽ ഒമാൻ പോലീസ് അധികൃതർ വ്യക്തമാക്കി.
അതേസമയം 87 തസ്തികകളിൽ പ്രഖ്യാപിച്ച തൊഴിൽ വിസ നിരോധനം ആറുമാസം കൂടി തുടരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ പ്രാബല്യത്തിലായ വിസ നിരോധനത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ജൂലൈ 30 മുതൽ വീണ്ടും നീട്ടുന്നത്. ഐ.ടി, അക്കൗണ്ടിങ്, ഫിനാൻസ്, മാർക്കറ്റിംങ്, സെയിൽസ്, അഡ്മിനിസ്ട്രേഷൻ, എച്ച്.ആർ, ഇൻഷുറൻസ്, മെഡിക്കൽ-എൻജിനീയറിങ്, ടെക്നിക്കൽ വിഭാഗങ്ങളിലെ 87 തസ്തികകൾക്കാണ് വിസ നിരോധനം തുടരുക. 2013 മുതൽ വിവിധ തസ്തികകളിൽ നിലനിൽക്കുന്ന നിയന്ത്രണത്തിനു പുറമെയാണിത്.



