യു.എ.ഇയിൽ 8000 വർഷം പഴക്കമുള്ള ഗ്രാമാവശിഷ്ടം കണ്ടെത്തി
അബുദാബി : യു.എ.ഇയിൽ 8000 വർഷം പഴക്കമുള്ള ഗ്രാമാവശിഷ്ടം കണ്ടെത്തി. അബുദാബി വിനോദസഞ്ചാര സാംസ്കാരിക വകുപ്പിന് കീഴിലുള്ള പുരാവസ്തു ഗവേഷകർ മറവ ദ്വീപിനോട് ചേർന്ന് നടത്തിയ പര്യവേക്ഷണത്തിലാണ് അതി പുരാതനമായ ഗ്രാമാവശിഷ്ടം കണ്ടെത്തിയത്. ഒരു കാർഷിക സംസ്കാരം ഉടലെടുക്കുന്ന കാലമായാണ് ഈ ഗ്രാമ സാഹചര്യത്തെ വിലയിരുത്തുന്നത്.
യു.എ.ഇ.യെക്കുറിച്ച് ഇന്നേവരെ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു ഭൂതകാലത്തിലേക്കുള്ള ചൂണ്ടുപലകയായാണ് ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നതെന്ന് അബുദാബി വിനോദസഞ്ചാര സാംസ്കാരികവകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറഖ് വ്യക്തമാക്കി. ഇതിന്റെ ആഴങ്ങൾ അറിയാനുള്ള തീവ്ര ശ്രമത്തിലാണ് വകുപ്പിന്റെ പര്യവേക്ഷകർ. അബുദാബിയുടെ ഇന്നോളമുള്ള വികസനങ്ങളുടെ വഴികളെല്ലാം അടയാളപ്പെടുത്തുന്ന ഒരു ഭൂതകാലമാണ് കണ്ടെത്തിക്കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.



