ഒമാനിൽ ലൈസൻസ് നിയമങ്ങൾ പരിഷ്‌ക്കരിച്ചു

മസ്കറ്റ് : ഒമാനിൽ ലൈസൻസ് നിയമങ്ങൾ പരിഷ്‌ക്കരിച്ചു. ലൈസൻസ് നിയമങ്ങൾ കർശനമാക്കിയതിന് പിന്നാലെ ബ്ലാക്ക് പോയിന്റ് സംവിധാനം കൂടുതൽ തൊഴിൽ നിയമലംഘനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
സ്ഥിരം ലൈസൻസ് ലഭ്യമാക്കുന്നതിന് ബ്ലാക്ക് പോയിന്റുകൾ പരിഗണിക്കുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. സീറ്റ് ബെൽറ്റ്, നാല് വയസ്സിന് താഴെയുളള കുട്ടികൾക്ക് പ്രത്യേക സീറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ, വാഹനമോടിക്കുന്പോൾ മൊബൈൽ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്ക് ബ്ലാക്ക് പോയിന്റ് വീഴും. 75 കിലോമീറ്റർ വേഗപരിധി മറികടന്നാൽ അന്പത് റിയാൽ പിഴ ഒടുക്കേണ്ടി വരുന്നതിനൊടൊപ്പം മൂന്ന് ബ്ലാക്ക് പോയിന്റുമുണ്ടാകും.
അന്പത് കിലോമീറ്റർ കടന്നാൽ 35 റിയാലാണ് പിഴ കൂടാതെ രണ്ട് ബ്ലാക്ക് പോയിന്റും. ഗതാഗതക്കുരുക്കിൽ വേഗത്തിൽ വാഹനമോടിച്ചാൽ 35 റിയാൽ പിഴയും ഒരു ബ്ലാക്ക് പോയിന്റും. അപകടകരമാം വിധത്തിൽ ട്രക്കുകളെയും ബസ്സുകളെയും ഓവർടേക്ക് ചെയ്താൽ 15 റിയാൽ പിഴ നൽകേണ്ടി വരും. ഒരു ബ്ലാക്ക് പോയിന്റും കിട്ടും. ആംബുലൻസ് പാർക്കിംഗിൽ കാർ പാർക്ക് ചെയ്താൽ 35 റിയാലാണ് പിഴ. രണ്ട് ബ്ലാക്ക് പോയിന്റും കിട്ടും. പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താതിരുന്നാൽ 35 റിയാൽ പിഴ നൽകണം. ഒരു ബ്ലാക്ക് പോയിന്റും കിട്ടും.
ബ്ലാക്ക് പോയിന്റുകൾ നിശ്ചിത എണ്ണത്തിൽ അധികമാകുന്നത് ലൈസൻസ് റദ്ദാക്കാൻ ഇടവരുത്തുകയും ചെയ്യും.