ഒമാനിലെ വടക്കൻ ശർഖിയയിൽ രണ്ട് അണക്കെട്ടുകൾ ഒരുങ്ങുന്നു


ഷീബ വിജയൻ

മസ്കത്ത് I വടക്കൻ ശർഖിയ ഗവർണറേറ്റിൽ രണ്ട് അണക്കെട്ടുകൾ നിർമിക്കാനായി അധികൃതർ ഒരുങ്ങുന്നു. ദിമവതാഈൻ വിലായത്തിലെ അൽ റാഷ്ബി ഗ്രാമത്തിൽ ഉപരിതല സംഭരണ അണക്കെട്ടിന്റെ നിർമാണവും വാദി ബാനി ഖാലിദ് വിലായത്തിലെ ഖുറൈഷ ഗ്രാമത്തിൽ ഒരു ഭൂഗർഭജല റീചാർജ് അണക്കെട്ടിന്റെ നിർമാണവും പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ഇവയുടെ സംയോജിത നിക്ഷേപം 116,000 റിയാലിൽ കൂടുതലാണ്. ഭൂഗർഭജല റീചാർജ് വർധിപ്പിക്കുക, സമീപ ഗ്രാമങ്ങളിലെ ജലലഭ്യത മെച്ചപ്പെടുത്തുക, ഹരിത ഇടങ്ങളും കൃഷിയും വികസിപ്പിക്കുന്നതിന് സംഭാവന ചെയ്യുക എന്നിവയാണ് ഈ അണക്കെട്ടുകളുടെ ലക്ഷ്യം. ജലസ്രോതസ്സുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും വെള്ളപ്പൊക്ക സാധ്യതകൾ ലഘൂകരിക്കുന്നതിനുമായി ഫീഡിങ്, പ്രൊട്ടക്ഷൻ, ഉപരിതല സംഭരണ അണക്കെട്ടുകൾ നിർമിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭങ്ങളെന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് അഗ്രികൾചറൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്‌സസിന്റെ ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ അസീസ് ബിൻ അലി അൽ മാഷിഖി വിശദീകരിച്ചു.

അൽ റഷ്ബി അണക്കെട്ടിന് 4,000 ക്യുബിക് മീറ്റർ സംഭരണശേഷിയുണ്ടാകും, 70,175 ഒമാൻ റിയാലാണ് നിർമാണചെലവ്. അതേസമയം, ഖുറൈഷ ഭൂഗർഭജല റീചാർജ് അണക്കെട്ട് 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 46,504 ഒമാൻ റിയാലിന്റെ ബജറ്റിൽ നിർമിക്കും. രണ്ട് പദ്ധതികളും 2026 ഏപ്രിലിൽ പൂർത്തീകരിക്കും. ഈ വികസനങ്ങൾ ജലസംഭരണം ഗണ്യമായി മെച്ചപ്പെടുത്തുകയും കിണറുകളുടെയും ഫലജുകളുടെയും ജലനിരപ്പ് ഉയർത്തുകയും മേഖലയിലെ കാർഷികസമൂഹങ്ങൾക്ക് കൂടുതൽ ജലസേചന സ്രോതസ്സ് നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കൻ ശർഖിയയിൽ നിലവിൽ 13 പ്രവർത്തനക്ഷമമായ അണക്കെട്ടുകളാണ് ഉള്ളത്.

article-image

CASAS

You might also like

  • Straight Forward

Most Viewed