പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം നേരിടുന്ന പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. പ്രജ്ജ്വൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ബെംഗളൂരു കോടതി നേരത്തെ തള്ളിയിരുന്നു.
ലൈംഗികാതിക്രമകേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ നയതന്ത്രപാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്ജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടന്നിരുന്നു. ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകാനാകില്ലെന്നായിരുന്നു പ്രജ്ജ്വലിന്റെ അഭിഭാഷകര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം പ്രജ്ജ്വലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇതിനിടെ ജര്‍മ്മനിയില്‍ നിന്നും പ്രജ്ജ്വല്‍ മസ്‌കറ്റില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. താമസിയാതെ അന്വേഷണ സംഘത്തിന് മുമ്പില്‍ പ്രജ്ജ്വല്‍ കീഴടങ്ങിയേക്കുമെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു കേസില്‍ ഉള്‍പ്പെട്ട ഇരയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു രേവണ്ണയുടെ അറസ്റ്റ്. പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തിൽ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
dfsdfsdfs