നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീരവിജയം; സന്തോഷം പങ്കിടാൻ മോദി ഇന്ന് ബിജെപി ആസ്ഥാനത്ത്

മൂന്നു സംസ്ഥാനങ്ങളിൽ ബിജെപി നേടിയ ഗംഭീര വിജയത്തിന് നന്ദി പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രവർത്തകരെ അഭിസംബധോന ചെയ്യും. വൈകിട്ട് 6.30ന് ബിജെപി ആസ്ഥാനത്ത് പ്രവർത്തകർക്കൊപ്പം മോദി സന്തോഷം പങ്കിടും. മൂന്ന് സംസ്ഥാനങ്ങളിൽ മിന്നും ജയം സ്വന്തമാക്കിയ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ ആത്മവിശ്വാസത്തോടെയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് വ്യക്തമായ ലീഡ് ഉറപ്പിച്ച് ബിജെപി മുന്നിട്ട് നിൽക്കുന്നത്. തെലുങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ജയമുറപ്പിക്കാൻ സാധിച്ചത്. ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നേറ്റമായിരിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ ജനവിധി ഊഹക്കണക്കുകളെ തൂത്തെറിഞ്ഞ് തിളക്കമാർന്ന ജയം ബിജെപിക്ക് സമ്മാനിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടായി അധികാരം കൈയാളുന്ന മധ്യപ്രദേശിലെ ജയമാണ് ബിജെപിക്ക് ഏറ്റവും മധുരിക്കുന്നത്.
പ്രചരണത്തിൽ ശക്തമായി രംഗത്തുണ്ടായിരുന്ന കോൺഗ്രസിനെ ജനവിധിയിൽ ബഹുദൂരം പിന്നിലാക്കാൻ ശിവരാജ് സിംഗ് ചൗഹാനും സംഘത്തിനും കഴിഞ്ഞു. കോൺഗ്രസ് ഭരിച്ച രാജസ്ഥാനിൽ പാർട്ടിയിലെ തമ്മിലടിയാണ് തോൽവിയുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയി നടന്ന തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സംസ്ഥാനത്തെ വിജയങ്ങൾ ലോക്സഭയിലും തുടർന്നാൽ മൂന്നാം തവണയും രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിക്ക് നിഷ്പ്രയാസം നടന്നുകയറാൻ കഴിയും.
asdfaf