കേരളത്തില്‍ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടിക പുനഃപരിശോധിക്കാനൊരുങ്ങി ദേശീയ നേതൃത്വം


എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമര്‍പ്പിച്ച കേരളത്തിലെ നേതാക്കളുടെ പട്ടികയില്‍ പുനഃപരിശോധനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പട്ടികയ്‌ക്കെതിരെ എ,ഐ വിഭാഗങ്ങള്‍ രംഗത്തുവന്നതോടെയാണ് ദേശീയ നേതൃത്വം പരിശോധനയ്‌ക്കൊരുങ്ങുന്നത്. സമവായത്തിലൂടെ പ്രവര്‍ത്തക സമിതി അംഗങ്ങളെ നിശ്ചയിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. റായ്പൂരില്‍ പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും.

കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ 60 അംഗ പട്ടികയാണ് ദേശീയ നേതൃത്വത്തിന് അയച്ചിരിക്കുന്നത്. എന്നാല്‍ ഈ എണ്ണം 50ല്‍ കൂടുതലാവാന്‍ പാടില്ലെന്നാണ് ദേശീയ നേതൃത്വമെടുത്ത നിലപാട്. തുടര്‍ന്ന് പത്തു പേരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് മാറ്റി. ക്ഷണിക്കപ്പെട്ടതനുസരിച്ച് പത്തുനേതാക്കളും എത്തുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായില്ല. തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യതയല്ല പരാതി ഉന്നയിക്കുന്നവര്‍ ചോദിക്കുന്നത്. അവരെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ള ആളുകള്‍ ഉണ്ടായിരുന്നെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

പട്ടിക സംബന്ധിച്ച് കൂടിയാലോചന നടത്തിയിട്ടില്ലെന്ന് പരാതിയുണ്ടെന്ന് എം എം ഹസ്സന്‍ പ്ലീനറി സമ്മേളന വേദിയില്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിന് കേരളത്തില്‍ നിന്നുള്ള നേതാക്കളെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നില്ല. ഇന്ന് ചേരുന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് താരിഖ് അന്‍വര്‍ സൂചിപ്പിക്കുന്നത്.

article-image

48756

You might also like

Most Viewed