കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഇല്ല

റായ്പൂരിൽ നടക്കുന്ന 85ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രവർത്തക സമിതിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടായി തുടരുന്ന നാമനിർദേശ രീതി തന്നെ ഇത്തവണയും തുടരും. ഇതുസംബന്ധിച്ച് സ്റ്റീയറിംഗ് കമ്മിറ്റിയിൽ ഏകകണ്ഠമായ തീരുമാനമാണുണ്ടായതെന്ന് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള ജയ്‌റാം രമേശ് അറിയിച്ചു. പ്രവർത്തക സമിതിയിലെ 25 അംഗങ്ങളിൽ 23 പേരെ എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ നാമനിർദേശം ചെയ്യും.
അജയ് മാക്കന്‍, അഭിഷേക് മനു സിംഗ്‌വി, ദിഗ്‌വിജയ് സിംഗ് തുടങ്ങിയവർ നാമനിർദേശം മതിയെന്ന നിർദേശം വച്ചു. 2024ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം തിരഞ്ഞെടുപ്പ് മതിയെന്ന് മനു സിംഗ്‌വി വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതും അടുത്ത വർഷം ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതും പരിഗണിച്ചാണ് ഈ തീരുമാനം. ഈ സമയത്ത് പ്രവർത്തക സമിതി തിരഞ്ഞെടുപ്പ് നടന്നാൽ പാർട്ടിയിൽ അനൈക്യമുണ്ടാകുമെന്നും അത് തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും ഇവർ പറയുന്നു.
സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക റോബർട്ട് വദ്രയും വിട്ടുനിന്നിരുന്നു. തങ്ങളുടെ സാന്നിധ്യം തീരുമാനങ്ങളെ ബാധിക്കരുതെന്ന നിലപാടിനെ തുടർന്നാണിത്. സേമ്മളനത്തിലെ അവശേഷിക്കുന്ന യോഗങ്ങളിൽ ഇവർ പങ്കെടുക്കും.
dfydf