കെ.എസ്.ആർ.ടി.സിയുടേത് ഗുരുതര വീഴ്ച; അധ്യാപികക്ക് 69,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ 69,000 രൂപ അധ്യാപികക്ക് നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. അടൂർ ഏറത്ത് സ്വദേശിയും ചൂരക്കോട് എൻ.എസ്.എസ്.എച്ച്.എസ്.എസ് സ്കൂളിലെ അധ്യാപികയുമായ പി. പ്രിയ ഫയൽ ചെയ്ത ഹർജിയിലാണ് വിധി. മൈസൂർ യൂനിവേഴ്സിറ്റിയിൽ പിഎച്ച്.ഡി ഗവേഷണ വിദ്യാർഥി കൂടിയായ പ്രിയ 2018ൽ കൊട്ടാരക്കരയിൽനിന്ന് രാത്രി 8.30നുള്ള മൈസൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ എ.സി ബസിൽ 1003 രൂപ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അന്ന് 5.30നു വിളിക്കുമ്പോഴും ബസ് മുടക്കംകൂടാതെ കൊട്ടാരക്കരയിൽ എത്തുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. രാത്രി 8.30ന് എത്തിയപ്പോഴാണ് ബസ് റദ്ദ് ചെയ്ത വിവരം പ്രിയ അറിയുന്നത്. അന്വേഷണത്തിൽ അന്ന് രാത്രി 11.45ന് കായംകുളത്തുനിന്ന് മൈസൂരുവിലേക്ക് ബസ് ഉണ്ടെന്നറിഞ്ഞു. തുടർന്ന് 63 കിലോമീറ്റർ രാത്രി ഒറ്റക്ക് ടാക്സിയിൽ കൊട്ടാരക്കരയിൽനിന്ന് കായംകുളത്തുപോയി 903 രൂപ മുടക്കി വീണ്ടും ടിക്കറ്റ് എടുത്ത് യാത്രചെയ്യുകയായിരുന്നു.
11.45നാണ് മൈസൂരിൽ എത്താനായത്. അതിനാൽ ഗൈഡുമായുള്ള കൂടികാഴ്ച നടന്നില്ല. മൂന്നുദിവസം മൈസൂരുവിൽ താമസിക്കേണ്ടി വരുകയും ചെയ്തു. ബസ് റദ്ദാക്കിയിട്ടും ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്തില്ല. ഇതോടെ പ്രിയ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിനെ സമീപിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സിയുടേത് ഗുരുതര വീഴ്ചയാണെന്ന് കമീഷൻ കണ്ടെത്തി. അതിന്‍റെ അടിസ്ഥാനത്തിൽ റദ്ദു ചെയ്ത ബസിന്‍റെ ടിക്കറ്റ് ചാർജ് ഉൾപ്പെടെ 69,000 രൂപ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ഹരജികക്ഷിക്ക് കൊടുക്കാൻ ഉത്തരവിടുകയായിരുന്നു. ഉപഭോക്തൃ തർക്കപരിഹാര കമീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗങ്ങളായ എൻ. ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
fyuy