യുപിയിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് യോഗി ആദിത്യനാഥ്

ഉത്തർ പ്രദേശിൽ എവിടെയും നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രിസ്‌മസ് ആഘോഷവുമായി ബന്ധപ്പെട്ടാണ് ആദിത്യനാഥിൻ്റെ നിർദ്ദേശം. ക്രിസ്‌മസ് സ്നേഹപൂർവം ആഘോഷിക്കപ്പെടണമെന്നും നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് മേധാവികളും ഉൾപ്പെട്ട വിഡിയോ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.
ഏതാനും മാസങ്ങൾക്കു മുൻപ് ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്ത ഉച്ചഭാഷിണികൾ ക്രിസ്‌മസിനോടനുബന്ധിച്ച് വീണ്ടും സ്ഥാപിക്കപ്പെട്ടിരുന്നു. അത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“അനധികൃത ടാക്സി, ബസ് സ്റ്റാൻഡുകളും റിക്ഷാ സ്റ്റാൻഡുകളും പ്രവർത്തിക്കാൻ പാടില്ല. അത്തരം സ്റ്റാൻഡുകൾ അനധികൃത പണക്കൈമാറ്റത്തിനും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാനുമാണ് ഉപയോഗിക്കപ്പെടുന്നത്. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ മൂലം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കുറവ് വന്നിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കും. അനധികൃത മദ്യ നിർമാണത്തിനും വിൽപനയ്ക്കുമെതിരെ നടപടിയെടുക്കും.”− യോഗി ആദിത്യനാഥ് പറഞ്ഞു.
fgfcg