ഭാരത് ജോഡോ യാത്ര തടയാനാണ് കേന്ദ്രത്തിന്റെ ശ്രമമമെന്ന് രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന കേന്ദ്ര നിർദേശത്തിനെതിരെ രാഹുൽ ഗാന്ധി. ഇന്ത്യയുടെ സത്യത്തെ ബി.ജെ.പി ഭയക്കുന്നു. യാത്ര തടയാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശം നൽകിയത്. രാഹുൽ ഗാന്ധിക്കും അശോക് ഗെഹലോട്ടിനും ഇത് സംബന്ധിച്ച് മാണ്ഡവ്യ കത്തയച്ചിരുന്നു.
വാക്സിൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ, മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രി മുന്നോട്ടുവെച്ചത്. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവെക്കണമെന്നും കത്തിൽ പറയുന്നു.
അതേസമയം കൊവിഡ് നിരക്കുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. കൊവിഡ് സാഹചര്യത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.