ആസാം−മേഘാലയ അതിർത്തിയിൽ വെടിവയ്പ്പ്; നാല് മരണം

ആസാം−മേഘാലയ അതിർത്തിയിൽ വെടിവയ്പ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെ നാല് പേർ കൊല്ലപ്പെട്ടു. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനം വകുപ്പ് തടഞ്ഞപ്പോൾ വെടിവയ്പ്പുണ്ടാകുകയായിരുന്നു. ഇന്ന് രാവിലെ നാലോടെയാണ് സംഭവം. അനധികൃതമായി മുറിച്ച മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടും നിർത്താതെ മുന്നോട്ട് പോയി. ഈ സമയം ഉദ്യോഗസ്ഥർ വാഹനത്തിന്‍റെ ടയറിന് നേരെ വെടിവച്ചു. തുടർന്ന് മൂന്നുപേരെ കസ്റ്റഡിയിലുമെടുത്തു. കുറച്ചുപേർ ഓടി രക്ഷപെട്ടു. പുലർച്ചെ അഞ്ചോടെ മേഘാലയയിൽ നിന്നുള്ള ഒരു സംഘമാളുകൾ സ്ഥലത്ത് തടിച്ചുകൂടി. കസ്റ്റഡിയിലെടുത്തവരെ വിട്ടുനൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇവർ ആസാം ഉദ്യോഗസ്ഥരെ തടഞ്ഞു. വീണ്ടും വെടിവെയ്പ്പും സംഘർഷവും ഉണ്ടായി. ഇതിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേർ കൊല്ലപ്പെട്ടത്.
നിലവിൽ സ്ഥിതിഗതി നിയന്ത്രണ വിധേയമാണ്. ബിദ്യാസിംഗ് ലഖ്തെ എന്നാണ് കൊല്ലപ്പെട്ട ആസാം വനം വകുപ്പ് ഹോം ഗാർഡിന്‍റെ പേര്. കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരും പ്രദേശത്തെ ഖാസി സമുദായ അംഗങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്.
475675