മംഗലാപുരത്ത് ഓട്ടോറിക്ഷ സ്ഫോടനം : തീവ്രവാദ ബന്ധമെന്ന് കര്‍ണാടക പോലീസ്


മംഗലാപുരത്ത് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച സംഭവത്തില്‍ തീവ്രവാദ ബന്ധമെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്. വലിയ സ്ഫോടനത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടതെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു. സ്വാഭാവികമായ അപകടമോ സാധാരണ രീതിയിലുള്ള തീപിടിത്തമോ ആയിരുന്നില്ല മംഗലാപുരത്ത് സംഭവിച്ചത്. തീവ്രവാദ സ്വഭാവമുള്ള ഈ നീക്കം വലിയൊരു ആക്രമണത്തിന് ലക്ഷ്യമിട്ടതിന്റെ ഭാഗമായി സംഭവിച്ചതാണെന്നും കര്‍ണാടക ഡിജിപി പ്രതികരിച്ചു.

ഓട്ടോ പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക പോലീസിന്റെ പ്രതികരണം. ശനിയാഴ്ച വൈകിട്ട് 5.10ഓടെയാണ് മംഗലാപുരത്ത് വെച്ച് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റിരുന്നു. ഓട്ടോയില്‍ നിന്ന് യാത്രക്കാരന്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സാരമായി പൊള്ളലേറ്റ ഡ്രൈവറും യാത്രക്കാരനും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പൊട്ടിത്തെറിക്ക് കാരണമായത് പ്രഷര്‍ കുക്കര്‍ ബോംബ് ആണെന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതായി കര്‍ണാടക പോലീസ് വെളിപ്പെടുത്തിയത്.

ചികിത്സയില്‍ കഴിയുന്ന യാത്രക്കാരന്റെ പശ്ചാത്തലം അന്വേഷിച്ച് വരികയാണ്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളെക്കുറിച്ച് നിലവില്‍ വിവരം ലഭിച്ചിട്ടില്ല. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ മംഗലാപുരത്ത് ശനിയാഴ്ച വൈകിട്ട് മുതല്‍ പോലീസിന്റെ കര്‍ശന നിരീക്ഷണവും പരിശോധനയും തുടരുന്നുണ്ട്. മംഗലാപുരത്ത് നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

article-image

AA

You might also like

  • Lulu Exchange
  • Straight Forward

Most Viewed