ജബൽപൂർ ബിഷപ്പ് ഹൗസിൽ റെയ്ഡ്; കോടിക്കണക്കിന് പണവും വിദേശ കറൻസിയും പിടിച്ചെടുത്തു

ജബൽപൂർ ബിഷപ്പ് ഹൗസിൽ നിന്ന് കോടിക്കണക്കിന് പണവും, ആഭരണങ്ങളും വിദേശ കറൻസിയും പിടിച്ചെടുത്തു. ബിഷപ്പ് പി സി സിങിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്ത് സ്വന്തം ആവശ്യങ്ങൾക്കായി തിരിമറി നടത്തിയെന്ന കേസിൽ ആരോപണവിധേയനാണ് ബിഷപ്പ് പി സി സിങ്. വ്യാഴാഴ്ച ഇയാളുടെ ഓഫീസിലും താമസസ്ഥലത്തും മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പണവും വിദേശ കറൻസിയും ആഭരണങ്ങളും പിടിച്ചെടുത്തത്.
ഏകദേശം 1.65 കോടിരൂപയുടെ ഇന്ത്യൻ കറൻസിയും 18,000 യു എസ് ഡോളർ, 118 ബ്രിട്ടീഷ് പൗണ്ട്, 80.72 ലക്ഷം രൂപയുടെ ആഭരണങ്ങൾ, 48 ബാങ്ക് അക്കൗണ്ട് രേഖകൾ, 17 അധിക സ്വത്തിന്റെ രേഖകൾ എന്നിവ ബിഷപ്പ് ഹൗസിൽ നിന്ന് കണ്ടെത്തി. ബിഷപ്പ് ജബൽപൂർ രൂപതയുടെ ബോർഡ് ഓഫ് എജ്യുക്കേഷൻ ചെയർമാനായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസിനത്തിൽ പിരിച്ചെടുത്ത 2.70 കോടി രൂപ മതപരമായ കാര്യങ്ങൾക്കും സ്വന്തം ആവശ്യത്തിനായും ഉപയോഗിച്ചുവെന്നാണ് ആരോപണം.
പി സി സിങിനെതിരെ പരാതി ലഭിച്ചിരുന്നുവെന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ദേവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. 2004-05 നും 2011-12നും മധ്യേയായി ബിഷപ്പ് 2.70 കോടി രൂപ തട്ടിയെടുത്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ദേവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഉത്തർ പ്രദേശ്, മധ്യ പ്രദേശ്, പഞ്ചാബ്, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ തട്ടിപ്പ് ഉൾപ്പെടെ 84 കേസുകൾ പി സി സിങിനെതിരെയുണ്ട്.
a