പാർഥാ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

അധ്യാപക നിയമന അഴിമതിക്കേസിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി പാർഥാ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചാറ്റർജിയെ പാർട്ടി സ്ഥാനങ്ങളിൽനിന്നും പുറത്താക്കിയേക്കുമെന്നാണ് വിവരം.
മുതിർന്ന നേതാവായ ചാറ്റർജി പാർട്ടിക്ക് അപമാനവും നാണക്കേടും വരുത്തിവച്ചെന്നു തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. ചാറ്റർജിയെ മന്ത്രിസഭയിൽനിന്നും പാർട്ടി സ്ഥാനങ്ങളിൽനിന്നും പുറത്താക്കണമെന്നും ഘോഷ് ആവശ്യപ്പെട്ടിരുന്നു.
ചാറ്റർജിയുടെ സഹായിയായ അർപ്പിത മുഖർജിയുടെ ഫ്ളാറ്റിൽനിന്ന് ഇഡി വീണ്ടും കോടികൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് മന്ത്രിയെ തള്ളി പാർട്ടി രംഗത്തെത്തിയത്. 50 കോടി രൂപയും 5 കിലോ സ്വർണവുമാണ് ഇവരുടെ രണ്ട് ഫ്ളാറ്റുകളിൽനിന്നായി ഇഡി പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണവും പണവും മന്ത്രിയുടേതാണെന്നു അർപ്പിത സമ്മതിച്ചിട്ടുണ്ട്.