പരീക്ഷാ കോച്ചിംഗ് ഫീസ് അടയ്ക്കാൻ പണം മോഷ്ടിച്ച വിദ്യാർഥികൾ അറസ്റ്റിൽ

പരീക്ഷാ കോച്ചിംഗ് ഫീസ് അടയ്ക്കാൻ പണം മോഷ്ടിച്ച വിദ്യാർഥികൾ അറസ്റ്റിൽ. മധ്യപ്രദശിലെ ജബൽപൂരിലാണ് സംഭവം. കൗമാരക്കാരായ ശുഭം ശുക്ല(19), അഭിഷേക് ശുക്ല(18) എന്നിവരാണ് പിടിയിലായത്. രേവ ജില്ലയിലെ മിസിരിഹ ഗ്രാമവാസികളാണ് ഇരുവരും. ബാങ്കിൽ നിന്നും പണമെടുത്ത് മടങ്ങിയ സ്ത്രീയുടെ പക്കലുണ്ടായിരുന്ന 40,000 രൂപയാണ് ഇവർ മോഷ്ടിച്ചത്. ബൈക്കിലെത്തിയ ഇരുവരും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇവരെ പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, ഉടൻ നടക്കാനിരിക്കുന്ന പരീക്ഷയുടെ കോച്ചിംഗ് ഫീസ് അടയ്ക്കാനും താമസിക്കുന്ന വീടിന്‍റെ വാടക കൊടുക്കാനുമാണ് പണം മോഷ്ടിച്ചതെന്ന് ഇവർ പറഞ്ഞു. തങ്ങൾക്ക് പണം നൽകാന്‍ വീട്ടിൽ ആർക്കും നിർവാഹമില്ലാത്തതിനാലാണ് മോഷ്ടിക്കാന്‍ പദ്ധതിയിട്ടതെന്നും ഇവർ പറഞ്ഞു.