കെകെ രമയ്ക്ക് എതിരായ വിവാദ പരാമർശം പിൻവലിച്ച് എംഎം മണി

കെകെ രമയ്‌ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് എംഎം മണി. പരാമർശം വിവാദമായതിന് പിന്നാലെ താൻ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും, മാപ്പു പറയില്ലെന്നുമായിരുന്നു എംഎം മണി പ്രതികരിച്ചത്. എന്നാൽ ഇന്ന് നിയമസഭയിൽ സ്പീക്കർ എംബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് പരാമർശം തിരുത്തി മണി രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റായ താൻ വിധി എന്ന വാക്ക് പറയാൻ പാടില്ലായിരുന്നു എന്ന് എംഎം മണി വ്യക്തമാക്കി.
സ്പീക്കറുടെ നിരീക്ഷണത്തെ മാനിക്കുന്നു. പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധി അപ്പോൾ തന്നെ വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും ബഹളത്തിൽ അത് മുങ്ങിപ്പോയി. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചല്ല പരാമർശം നടത്തിയതെന്ന് നേരത്തെ പറഞ്ഞിരുന്നു, അത് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. കമ്മ്യൂണിസ്റ്റുകാരനായ താൻ ഈ പരാമർശം നടത്തരുതായിരുന്നു, ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമർശം പിൻവലിക്കുകയാണെന്നും എംഎം മണി നിയമസഭയിൽ പറഞ്ഞു.