ജിഎസ്ടി കൗണ്‍സിലിന്റെ നികുതി വര്‍ധനവ്; ഭക്ഷണവും താമസവും ആശുപത്രി വാസവും പൊള്ളും


രാജ്യത്ത് തിങ്കളാഴ്ച്ച മുതല്‍ അരിയും പയര്‍വര്‍ഗങ്ങളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. ജിഎസ്ടി കൗണ്‍സിലിന്റെ അപ്രതീക്ഷിത നികുതി വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണം. ജൂലൈ 13 നാണ് ഭേദഗതി ചെയ്ത തീരുമാനം പുറത്തിറക്കിയത്.ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും നികുതി ചുമത്താനായിരുന്നു കഴിഞ്ഞമാസം ചേര്‍ന്ന ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനം. എന്നാല്‍ ജൂലൈ 13 ന് ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറങ്ങിയപ്പോള്‍ 25 കിലോ പരിധി സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. ഇതോടെ ചില്ലറയായി തൂക്കി നല്‍കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമാവും. ഇതുവരേ പാക്കറ്റില്‍ നല്‍കുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് നികുതി. ഇതോടെ അരിക്ക് പാക്ക് ചെയ്യാത്ത കോഴിയിറച്ചിയേക്കാള്‍ നികുതി വര്‍ധിക്കും.

ഇതിന് പുറമേ തിങ്കളാഴ്ച മുതല്‍ മില്ലുകളില്‍ നിന്ന് മൊത്തവ്യാപാരിക്ക് നല്‍കുന്ന അരി പാക്കറ്റുകള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കും. ഇത് അരിവിലയും വര്‍ധിപ്പിക്കും.പാക്കറ്റില്‍ വില്‍ക്കുന്ന തൈര്, മോര്, പാക്ക് ചെയ്ത മാംസം, മീന്‍, തേന്‍, ലസ്സി, ശര്‍ക്കര, പനീര്‍, പപ്പടം, എന്നിവയുള്‍പ്പെടെ ജിഎസ്ടി വര്‍ധനവിന്റെ പരിധിയില്‍ വരും. ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ചെക്ക്ബുക്കിന് 18 % ജിഎസ്ടി, 5000ത്തിലേറെ ദിവസ വാടകയുള്ള ആശുപത്രി മുറിക്ക് 5 %, 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറി വാടകയില്‍ 12 % വര്‍ധന, വീട് ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതിനും നികുതി ബാധകം, എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, ചിട്ടി ഫണ്ട് ഫോര്‍മാന്‍ നല്‍കുന്ന സേവനം, ടെട്ര പാക്ക്, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയുടെ നികുതി 12 ശതമാനത്തില്‍നിന്ന് 18 ശതമാനമായി ഉയരും. അതേസമയം ഓസ്‌റ്റോമി കിറ്റ്, ട്രക്ക് പോലുള്ള ചരക്ക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്ന്, റോപ്പ് വേ വഴിയുള്ള യാത്രയും ചരക്ക് കൈമാറ്റത്തിനും നികുതി കുറയും. തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം വിവിധഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ചിലയിടങ്ങളില്‍ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ അടച്ചിട്ടാണ് പ്രതിഷേധം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed