ഡീസലിന് പകരം ഹൈഡ്രജന്‍; ഇന്ധനച്ചെലവ് കുറയ്ക്കാനൊരുങ്ങി കെഎസ്ആര്‍ടിസി


ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ള ബസുകളെ അതിലേക്ക് മാറ്റാനൊരുങ്ങി കെഎസ്ആര്‍ടിസി. ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാന്‍ പത്ത് ലക്ഷം രൂപയാണ് ചെലവ്. ഡീസലിനെക്കാള്‍ വിലക്കുറവില്‍ ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതിയുണ്ട്. ഹൈഡ്രജന്‍ എന്‍ജിന്‍ വികസിപ്പിച്ച അശോക് ലൈലാന്‍ഡ് കമ്പനിയുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്.അടുത്തിടെയാണ് അശോക് ലൈലാന്‍ഡാണ് ഹൈഡ്രജന്‍ എന്‍ജിന്‍ നിര്‍മ്മിച്ചത്. നിലവിലുള്ള ഫ്യൂവല്‍സെല്‍ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനാണ് കമ്പനി നിര്‍മിച്ചത്. എന്‍ജിന്‍ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച തമിഴ്‌നാട്ടിലെ ഹൊസ്സൂര്‍ പ്ലാന്റ് സന്ദര്‍ശിച്ചു.

ഹൈഡ്രജന്‍ നിര്‍മാണത്തിന് വിപുലമായ സാധ്യതയുള്ളതിനാല്‍ ഇത്തരം വാഹനങ്ങള്‍ സംസ്ഥാനത്തിന് അനുയോജ്യമാണെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ചുള്ള പ്രാരംഭ പഠനങ്ങള്‍ ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീചിത്ര തിരുനാള്‍ കോളേജില്‍ പുരോഗമിക്കുന്നുണ്ട്. ടൊയോട്ടയുടെ ഹൈഡ്രജന്‍ കാറായ മിറായ് പഠനത്തിനുവേണ്ടി ഇവിടെയ്ക്ക് എത്തിച്ചിരുന്നു.ഹൈഡ്രജന്‍ വാഹനങ്ങള്‍ പരിസ്ഥിതിക്ക് ഏറെ അനുയോജ്യമാണ്. യാതൊരു തരത്തിലുള്ള മലിനീകരണവും അവ ഉണ്ടാക്കുന്നില്ല. വൈദ്യുതി വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ബാറ്ററിപാക്ക് ആവശ്യമില്ല. ചാര്‍ജിങ്ങിന് ഏറെ സമയം വേണ്ട. 10 മിനിറ്റിനുള്ളില്‍ ടാങ്കില്‍ ഹൈഡ്രജന്‍ നിറയ്ക്കാനാകും. ടൊയോട്ടയുടെ മിറായ് ഒറ്റ ചാര്‍ജിങ്ങില്‍ 500 കിലോമീറ്ററിലധികം സഞ്ചരിക്കും. പത്ത് ലക്ഷം ടണ്‍ ഹൈഡ്രജന്‍ നിര്‍മിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് സജ്ജമാക്കാനാകുമെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

You might also like

Most Viewed